KeralaLatest

ക്രാഷ് ഗാര്‍ഡുകള്‍ ലംഘിച്ച വാഹനങ്ങള്‍ക്ക് പിഴയീടാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

“Manju”

തിരുവനന്തപുരം: വാഹനം വാങ്ങുമ്പോള്‍ നല്‍കിയിട്ടുള്ളതല്ലാതെ, പുതിയതായി ഉടമകള്‍ സ്ഥാപിക്കുന്ന ക്രാഷ് ഗാര്‍ഡുകളോ, ബുള്‍ ബാറുകളോ തടയാനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയമം രാജ്യത്ത് കര്‍ശനമായി നടപ്പാക്കുന്നു. ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 5000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമം 182A (4) വകുപ്പ് പ്രകാരം ഇത്തരം വാഹനങ്ങള്‍ക്കെതിരേ കേസെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകളുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ക്രാഷ് ഗാര്‍ഡുകള്‍ എന്നാണ് വിലയിരുത്തലുകള്‍. ഇത് പരഗണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ക്രാഷ്ഗാര്‍ഡ് ഭംഗിയേക്കാള്‍ ഉപരി അപകടകാരിയാണ്. കാര്‍ബണ്‍ റീഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും നിര്‍മിച്ചിരിക്കുന്നത്. കാറുകളുടെ എന്‍ജിന്‍ റൂം വരുന്ന ഭാഗം ക്രംബിള്‍ സോണ്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനില്‍ എത്താതെ ആ മേഖലയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍, മുന്നില്‍ ക്രാഷ് ഗാര്‍ഡ്, ബുള്‍ ബാര്‍ തുടങ്ങിയവ നല്‍കുന്നതോടെ മുന്‍വശം കൂടുതല്‍ ദൃഢമാകും. കാരണം, ബുള്‍ ബാര്‍, ക്രാഷ് ഗാര്‍ഡ് മുതലായവ വാഹത്തിന്റെ ഷാസിലിലാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് വാഹനത്തിലുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനിലെത്തും. ബുള്‍ ബാര്‍ ഒടിഞ്ഞ് ഡ്രൈവര്‍ ക്യാബിനിലെത്താനും ഏറെ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നത്.

Related Articles

Back to top button