IndiaLatest

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധമി

“Manju”

വളര്‍ന്നത് ആര്‍എസ്എസ് തൊട്ടിലില്‍, രാജ്‌നാഥ് സിങ്ങിന്റെ വിശ്വസ്തന്‍; ആരാണ്  പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി? | Newsrupt Malayalam
ദില്ലി: ഉത്തരാഖണ്ഡില്‍ പ്രതിസന്ധികള്‍ക്കൊടുവില്‍ പുതിയ മുഖ്യമന്ത്രിയായി. പുഷ്‌കര്‍ സിംഗ് ധമിയാണ് പുതിയ മുഖ്യമന്ത്രി. ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും പുഷ്‌കര്‍ സിംഗിനെ തിരഞ്ഞെടുത്തത്. ഉത്തരാഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞ നാല് മാസത്തിനിടെ മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ നേതാവ് കൂടിയാണ് പുഷ്‌കര്‍ സിംഗ്. കഴിഞ്ഞ ദിവസം തിരാത് സിംഗ് റാവത്ത് രാജിവെച്ചിരുന്നു. മൂന്ന് ദിവസത്തോളം ദില്ലിയില്‍ ക്യാമ്ബ് ചെയ്ത ശേഷമായിരുന്നു രാജി.
പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു തിരാത് സിംഗ് റാവത്ത് രാജിവെച്ചത്. സെപ്റ്റംബര്‍ പത്തിന് നിയമസഭയിലേക്ക് അദ്ദേഹം മത്സരിച്ച്‌ ജയിക്കുകയും വേണമായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. കൊവിഡ് കാരണമായിരുന്നു ഇത്. ഇതോടെയാണ് തിരാത് സിംഗിന് രാജിവെക്കേണ്ടി വന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി വളരെ അടുപ്പമുള്ള നേതാവാണ് പുഷ്‌കര്‍ സിംഗ് ധമി. കുമയൂണ്‍ മേഖലയിലെ ഖട്ടിമയില്‍ നിന്ന് രണ്ട് തവണ വിജയിച്ച നേതാവാണ് ധമി.
കുമയൂണ്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വളരെ പ്രാധാന്യമുള്ള മേഖലയാണ്. ഹരീഷ് റാവത്തിന് വലിയ സ്വാധീനമുള്ള മേഖല കൂടിയാണിത്. അതുകൊണ്ടാണ് അവിടെ നിന്നുള്ള നേതാവ് തന്നെ വരുന്നത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു പുഷ്‌കര്‍ സിംഗ് ധമി. തന്റെ കഴിവില്‍ വിശ്വസിച്ച ബിജെപി നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ വെല്ലുവിളികളെ നേരിടുമെന്നും ധമി വ്യക്തമാക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. അതായിരിക്കും പുഷ്‌കര്‍ സിംഗിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. നിലവില്‍ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത ജനവികാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം അത്ര പോരെന്ന വിമര്‍ശനം ശക്തമാണ്. കോണ്‍ഗ്രസ് ശക്തമായി തന്നെ മുന്‍നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക പുഷ്‌കര്‍ സിംഗിന് വലിയ വെല്ലുവിളിയാവും. ബിജെപിയുടെ കേന്ദ്ര നിരീക്ഷകനായ നരേന്ദ്ര സിംഗ് തോമറും ഉത്തരാഖണ്ഡിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സത്പല്‍ മഹാരാജ്, ധന്‍ സിംഗ് റാവത്ത്, എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. ത്രിവേന്ദ്ര റാവത്തിനെയും ഒരു വിഭാഗം എംഎല്‍എമാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം വിവാദങ്ങളില്‍ മുങ്ങി കുളിച്ചതായിരുന്നു തിരാത് സിംഗ് റാവത്തിന്റെ 114 ദിവസത്തെ ഭരണം. പല പ്രസ്താവനകളും വിവാദത്തിലായി. സംസ്ഥാനത്തെ നേതാക്കള്‍ ദില്ലിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചും ബിജെപി കുടുക്കിലാക്കിയിരുന്നു തിരാത് സിംഗ്. കുംഭമേള നടത്താനുള്ള തീരുമാനവും വലിയ വിവാദമായിരുന്നു.

Related Articles

Back to top button