KeralaLatest

സഞ്ജയ് കൗള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറാകും.
പ്ലാനിങ് ആന്‍ഡ് എക്കണോമിക്സ് അഫേഴ്സ് വകുപ്പിലേക്കാണ് ടീക്കാറാം മീണയെ മാറ്റിയത്. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും നിശ്ചയിച്ചു. എല്ലാവരും ഉടന്‍ ചുമതലയേല്‍ക്കാനാണ് നിര്‍ദേശം.
രാജന്‍ ഖോബ്രഗഢ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. ബിശ്വനാഥ് സിന്‍ഹ നികുതി വകുപ്പില്‍ നിന്നും ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലേക്ക് മാറി. ഷര്‍മിള മേരി ജോസഫാണ് നികുതി വകുപ്പിന്റെ പുതിയ സെക്രട്ടറി.
വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്ക്ക് കയര്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി. സാംസ്‌ക്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന റാണി ജോര്‍ജിന് സാമൂഹിക നീതി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതല നല്‍കിയിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പിന്റെ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറിയായി നിയമിച്ചു.
കെഎസ് ആര്‍ടിസിയുടെ എംഡി സ്ഥാനവും ബിജു പ്രഭാകര്‍ തന്നെ വഹിക്കും. ഫിഷറീസ് വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ സിഎ ലതയാണ് പുതിയ പിആര്‍ഡി സെക്രട്ടറി. കെഎസ്‌ഐഡിസി എംഡിയായ എംജി രാജമാണിക്യത്തിനെ പട്ടിക ജാതി ക്ഷേമ വകുപ്പിന്റെ ഡറക്ടര്‍ സ്ഥാനം കൂടി നല്‍കി.
അഴിച്ചുപണിയുടെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ഇടുക്കി കളക്ടര്‍മാര്‍ക്കാണ് മാറ്റം.
എസ് സുഹാസ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയാകും. ജാഫര്‍ മാലിക്- എറണാകുളം ജില്ലാ കളക്ടര്‍, ഹരിത വി കുമാര്‍- തൃശൂര്‍ കളക്ടര്‍, ദിവ്യ എസ് നായര്‍- പത്തനംതിട്ട കളക്ടര്‍, ഷീബ ജോര്‍ജ്- ഇടുക്കി കളക്ടര്‍ എന്നിങ്ങനെയാണ് മാറ്റം.
കോട്ടയം ജില്ലാ കളക്ടറായിരുന്ന എം അഞ്ജനയെ പൊതുഭരണവിഭാഗം ജോയിന്റ് സെക്രട്ടറിയാക്കി. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ സ്ഥാനവും അഞ്ജനയ്ക്കുണ്ട്. പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്ന പികെ ജയശ്രീയാണ് പുതിയ കോട്ടയം കളക്ടര്‍.

Related Articles

Back to top button