IndiaLatest

ജോണ്‍സന്‍സ് ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര

“Manju”

മുംബൈ: ശിശു പരിചരണത്തിലെ മികച്ച ബ്രാന്‍ഡായിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ബേബി പൗഡറിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ റദ്ദാക്കി. പൊതുജനാരോഗ്യ താല്‍പര്യാര്‍ഥമാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കിയതെന്ന് എഫ്.ഡി.എ അറിയിച്ചു.

ജോണ്‍സണ്‍സ് ബേബി പൗഡര്‍ നവജാത ശിശുക്കളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി അറിയിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലബോറട്ടറി പരിശോധനയില്‍ പൗഡറിന്റെ സാമ്പിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പിഎച്ച്‌ മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ നിര്‍ണായക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ “പിഎച്ച്‌ പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിള്‍ ഐഎസ് 5339:2004 ന് അനുയോജ്യമല്ല” എന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗുണനിലവാര പരിശോധനക്കായി പൂനെയില്‍ നിന്നും നാസിക്കില്‍ നിന്നും എഫ്.ഡി.എ ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ സാമ്പിളുകള്‍ എടുത്തിട്ടുണ്ടെന്നും പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1940 ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് ആക്‌ട് ആന്‍ഡ് റൂള്‍സ് പ്രകാരം എഫ്‌ഡി‌എ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ പ്രസ്‌തുത ഉല്‍പന്നത്തിന്റെ സ്റ്റോക്ക് വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ അനലിസ്റ്റിന്റെ റിപ്പോര്‍ട്ട് സ്ഥാപനം അംഗീകരിച്ചില്ല. സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചതിന് കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Back to top button