IndiaSports

നീരജ് തകർത്തത് ലോകരാജ്യങ്ങളുടെ കുത്തക

“Manju”

ടോക്കിയോ: ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര സ്വർണ്ണ നേട്ടത്തിലൂടെ തകർത്തത് യൂറോപ്പിന്റെ കുത്തക. നിലവിലെ ലോകചാമ്പ്യനും സ്ഥിരം തൊണ്ണൂറു മീറ്ററുകൾക്കപ്പുറം ജാവലിൻ പായിക്കുന്ന ജോഹന്നാസ് വെറ്ററിനേയും ജർമ്മനിയുടെ തന്നെ ജൂലിയാൻ വെബറിനേയും ചെക് താരങ്ങളേയും തോൽപ്പിച്ചത് അത്‌ലറ്റിക്‌സിലെ ഏഷ്യൻ സാദ്ധ്യതകളുടെ മികച്ച ഉദാഹരണമായിരിക്കുകയാണ്. ഇന്ത്യയുടെ നീരജിനൊപ്പം പാകിസ്താന്റെ അർഷാദ് നദീമും ഫൈനലിൽ മികച്ച പ്രകടനമാണ് നടത്തിയത്.

ടോക്കിയോവിൽ സ്വർണ്ണം ഉറപ്പിച്ചാണ് ജർമ്മനിയുടെ വെറ്റർ എത്തിയത്. ലോകത്താകമാനം ജാവലിൻ ത്രോയിൽ 20 താരങ്ങളാണ് ഇതുവരെ കായിക ചരിത്രത്തിൽ 90 മീറ്റർ എറിഞ്ഞവർ. ഇതിൽ വെറ്റർ 17 തവണയാണ് തന്റെ നേട്ടം തിരുത്തിക്കുറിച്ചത്. 97.76 മീറ്റർ കഴിഞ്ഞ സെപ്തംബറിൽ താണ്ടിയത് കായികലോകം ഞെട്ടലോടെയാണ് കണ്ടത്. 20 വർഷങ്ങൾക്കിപ്പുറത്തെ ഏറ്റവും കൂടിയ ദൂരമാണ് വെറ്റർ സ്വന്തമാക്കിയത്. വെറ്ററുടെ ശക്തരായ എതിരാളികൾ പോളണ്ടിന്റെ മാർസിൻ ക്രൂകോവ്‌സ്‌കിയും 2012 ഒളിമ്പിക്‌സിലേയും റിയോ ഒളിമ്പിക്‌സിലേയും വെങ്കല മെഡൽ ജേതാവ് കെഷിഹോൺ വാൽക്കോട്ടുമായിരുന്നു. ഇവരാരും വെറ്ററുടെ സമീപത്ത് പോലും എത്തിയിട്ടില്ല.

ഇത്തവണ ഒളിമ്പിക്‌സ് ജാവലിൻ പോരാട്ടത്തിൽ ഗ്രൂപ്പ് എയിൽ നിന്നും ഗ്രൂപ്പ് ബിയിൽ നിന്നും മൂന്ന് താരങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ 86.65 മീറ്റർ താണ്ടിയ നീരജ് ഒന്നാമതെത്തിയപ്പോൾ ലോകചാമ്പ്യനായ ജർമ്മനിയുടെ ജോഹന്നാസ് വെറ്റർ 85.64 മീറ്ററാണ് എറിഞ്ഞത്. ഫിൻലന്റിന്റെ ഇറ്റേലാറ്റാലോ 84.50 മീറ്റർ എറിഞ്ഞ് മൂന്നാമതായി ഫൈനലിലെത്തി.

ഗ്രൂപ്പ് ബിയിൽ പാകിസ്താൻ താരം ഒന്നാമതായി എന്നതും യൂറോപ്പിന്റെ ആധിപത്യത്തിന് വെല്ലുവിളിയാണ്. പാക് താരം അർഷാദ് നദീം 85.16 മീറ്ററാണ് എറിഞ്ഞത്. ഗ്രൂപ്പിൽ രണ്ടാമനായി ചെക് താരം ജേക്കബ് വാഡ്‌ലേക് 86.67 മീറ്ററും ചെക് താരം തന്നെയായ വിറ്റേസ്ലാവ് വെസ്ലേ 85.44 മീറ്റർ ജാവലിൻ പായിച്ച് മൂന്നാമതും എത്തി.

Related Articles

Back to top button