KeralaLatest

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ക്ക് തടയാന്‍ വെബ് പോര്‍ട്ടല്‍

“Manju”

തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ് പോര്‍ടെല്‍ rera(dot)kerala(dot)govt(dot)in തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഫ് ളാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അഡ്വാന്‍സ് നല്‍കിയവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നായി വെബ് പോര്‍ടെല്‍ മാറുമെന്ന് കരുതുന്നതായി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഇനിമുതല്‍ ഈ വെബ് പോര്‍ടെല്‍ വഴി അറിയാനാകും. രജിസ്റ്റര്‍ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലിലൂടെ ലഭ്യമാകും. ഓരോ മൂന്നുമാസം കൂടുമ്ബോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപെര്‍മാര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കണം.

വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരടക്കമുള്ള വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടേയും സല്‍പേരിനെ ബാധിക്കുമെന്നതിനാല്‍ പോര്‍ടെല്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.

ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വളരെ ലളിതമായ തെരച്ചിലിലൂടെ തന്നെ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. ഡെവലപ്പര്‍മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനചരിത്രവും അവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ ചതിക്കുഴിയില്‍ വീഴുകയില്ല.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാനാണ് വെബ് പോര്‍ട്ടല്‍ സജ്ജമാകുന്നതിലൂടെ സര്‍കാര്‍ ശ്രമിക്കുന്നത്. ഏതെങ്കിലും ഡെവലപെര്‍ തെറ്റായ വിവരം നല്‍കിയതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ നിയമനടപടിയുമുണ്ടാകും. മന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റെറ ചെയര്‍മാന്‍ പി എച്ച്‌ കുര്യന്‍ ഐ എ എസ് സംബന്ധിച്ചു.

Related Articles

Back to top button