IndiaLatest

കൊടും കുറ്റവാളി കാലിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

“Manju”

ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊടുംകുറ്റവാളി അജയ് എന്ന കാലിയ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച യു.പി പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും (എസ്.ടി.എഫ്) നോയിഡ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ പൊലീസിനെതിരെ കാലിയയും കൂട്ടരും വെടിവയ്ക്കുകയായിരുന്നു. തിരികെ പൊലീസ് നടത്തിയ വെടിവയ്പില്‍ കാലിയയ്ക്ക് പരിക്കേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിയയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ 2.5ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇയാളില്‍ നിന്ന് നാടന്‍തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ ചുറ്റികയും വിവിധ രൂപത്തിലുള്ള ആണികളും കണ്ടെടുത്തു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് കാലിയ.
നോയിഡ സെക്ടര്‍ 14ല്‍ കാലിയ വരുമെന്ന വിവരം ലഭിച്ച പൊലീസ് സംഘം ഇവിടെ കാത്തിരിക്കുകയായിരുന്നു. പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പൊലീസിന് നേരേ വെടിയുതിര്‍ത്തെന്നാണ് എസ്.ടി.എഫ്. എ.എസ്.പി. രാജ്കുമാര്‍ മിശ്ര പ്രതികരിച്ചത്. വന്‍ ക്രിമിനല്‍സംഘത്തെയാണ് കാലിയ നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹൈവേകള്‍ കേന്ദ്രീകരിച്ച്‌ കൊള്ള നടത്തുന്നതാണ് ഈ സംഘത്തിന്റെ പതിവ്. ഹൈവേകളില്‍ അള്ളുവച്ച്‌ വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കി യാത്രക്കാരെ കൊള്ളയടിക്കും. യാത്രക്കാരില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരെ ബലാത്സംഗം ചെയ്യും.
2020 ജനുവരിയില്‍ കാലിയയുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലെ പല്‍വാലില്‍ 14കാരിയെ ബലാത്സംഗം ചെയ്തിരുന്നു. 2019 ഒക്ടോബറില്‍ യമുന എക്സ്പ്രസ് വേയില്‍ 10 ലക്ഷം രൂപ കൊള്ളയടിച്ചു. ഇത്തരത്തില്‍ ഒട്ടേറെ കേസുകളാണ് കാലിയയ്ക്കും സംഘത്തിനുമെതിരെ നിലവിലുള്ളത്.

Related Articles

Back to top button