KeralaLatest

ജൂൺ മാസത്തെ പെൻഷൻ ഒന്ന് മുതൽ അഞ്ച് വരെ വിതരണം ചെയ്യും.

“Manju”

അഖിൽ ജെ എൽ

 

സംസ്ഥാനത്ത് ജൂൺ മാസത്തെ പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങളായി. ഒന്ന് മുതൽ അഞ്ച് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികളിൽ പെൻഷൻ വിതരണം ചെയ്യും.

ജൂൺ ഒന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്കും വിതരണം ചെയ്യും

അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് രണ്ടാം തിയതി രാവിലെ 10 മുതൽ ഒന്ന് വരെയും മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയുമാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക് മൂന്നിന് രാവിലെ 10 മുതൽ ഒരുമണിവരെയും അഞ്ചിൽ അവസാനിക്കുന്നവർക്ക് അതേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയുമാണ് സമയം. നാലാം തിയതി രാവിലെ 10 മുതൽ ഒരു മണിവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല്‌വരെ ഏഴിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും.

അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് അഞ്ചിന് രാവിലെ 10 മുതൽ ഒരു മണിവരെയും ഒൻപതിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് ഉച്ചയ്ക്ക് രണ്ട് മുതൽ നാലുവരെയുമാണ് പെൻഷൻ വിതരണം.

ഒരു സമയം ട്രഷറി കാഷ്/ ടെല്ലർ കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. വരി നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കണം. എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിന് മുൻപ് കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണ്.

ട്രഷറികളിൽ നേരിട്ട് എത്താൻ കഴിയാത്തവർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദ വിവരം ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കാനുമുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button