IndiaLatest

ജനസംഖ്യാവര്‍ധനയാണ് അസമത്വത്തിനുള്ള പ്രധാനകാരണം : യോഗി ആദിത്യനാഥ്

“Manju”

ലഖ്‌നൗ: സമൂഹത്തിലെ ജനസംഖ്യവര്‍ദ്ധനവ് അസമത്വം അടക്കമുള്ള പലവിധ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച്‌ സമൂഹത്തില്‍ ബോധവത്കരണം പ്രചരിപ്പിക്കണമെന്നും യോഗി ജനങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചായിരുന്നു യുപി മുഖ്യമന്ത്രിയുടെ ആഹ്വാനം.

‘സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധനവാണ്. ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതാണ് സാമൂഹികവികസനത്തിന്റെ ആദ്യഘട്ടം. ജനസംഖ്യ വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച്‌ വ്യക്തിപരമായും സാമൂഹികമായും ബോധവത്കരിക്കുമെന്ന് ഈ ജനസംഖ്യാദിനത്തില്‍ നാമോരുത്തരും പ്രതിജഞ ചെയ്യേണ്ടതാണ്’. യോഗി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

യുപിയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാര്‍ക്ക് സര്‍ക്കാരാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന യുപി ജനസംഖ്യാ ബില്‍ 2021 ന്റെ ആദ്യ കരട് രൂപം സംസ്ഥാന നിയമ കമ്മീഷന്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

സംസ്ഥാനത്ത് രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കിയിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങളുടെ ക്ഷേമം കൂടുതല്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിയമം രൂപവത്കരിച്ചതെന്നും രണ്ട് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് എല്ലാ വിധ സര്‍ക്കാരാനുകൂല്യങ്ങളും ലഭിക്കുമെന്നും മിത്തല്‍ അറിയിച്ചു. അതെ സമയം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ ജൂലായ് 19 ന് മുമ്പ് അറിയിക്കണമെന്നും ജനങ്ങളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button