International

ചൈനയിൽ വീണ്ടും കൊറോണ വ്യാപനം വർദ്ധിക്കുന്നു

“Manju”

ബെയ്ജിംഗ് : കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യസമിതി അറിയിച്ചു. മരണ നിരക്കിലും വർദ്ധനവുണ്ട്.

ഇതിൽ ഒൻപത് പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമല്ല. യുനാൻ, ഷാംഗ്ഹായി, ഗ്വാങ്ഡോംഗ്, ടിയാൻജിൻ, ലിയാനിംഗ, ജിയാംഗ്്സു, ഫുജിയാൻ, സിചുവാൻ, ഷാംഗ്്സി എന്നീ നഗരങ്ങളിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് യുനാനിലാണ്. 24 പേരിൽ 23 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നും ദേശീയ ആരോഗ്യസമിതി വ്യക്തമാക്കുന്നു.

ചൈനയിൽ ഒരിടവേളയ്ക്ക് ശേഷമാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ സ്വീകരിച്ചവരിൽ രോഗബാധ കണ്ടെത്തുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

ഇതുവരെ രാജ്യത്ത് 92,119 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. 4636 പേർ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്കുകളിൽ രോഗബാധിതരുടെ എണ്ണം ഇതിലും ഏറെയാണെന്നും സർക്കാർ രോഗവ്യാപനത്തിന്റെ യഥാർത്ഥ ചിത്രം മറച്ചുവെയ്ക്കുകയാണെന്നും നേരത്തെ മുതൽ ആക്ഷേപം ഉയർന്നിരുന്നു.

Related Articles

Back to top button