IndiaInternational

റൂപേയ്ക്ക് പിന്നാലെ യുപിഐയും ; ഭീം ഇനി ഭൂട്ടാനിലും ലഭ്യമാകും

“Manju”

ന്യൂഡൽഹി: ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഇനി മുതൽ ഭൂട്ടാനിലും ലഭ്യമാകും. വിർച്വൽ ആയി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും ഭൂട്ടാൻ ധനമന്ത്രി ല്യോൻപോ നംഗെ ഷേറിംഗും സംയുക്തമായി ഭൂട്ടാനിലെ ഭീം-യുപിഐ സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ഇത് പ്രകാരം ഭീം ആപ്പ് വഴിയും, യുപിഐ ക്യൂആര്‍ കോഡ് വഴിയും ഭൂട്ടാനില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് പേമെന്‍റ് നടത്താം.

അയൽ രാജ്യങ്ങൾക്ക് പ്രഥമ പരിഗണന എന്ന ഇന്ത്യയുടെ നയപ്രകാരമാണ് ഭൂട്ടാനിൽ സേവനങ്ങൾ ആരംഭിച്ചതെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 100 ദശലക്ഷത്തിലധികം യുപിഐ ക്യുആർ സേവനങ്ങൾ സൃഷ്ടിച്ച BHIM–UPI, കൊറോണ മഹാമാരിക്കാലത്ത് ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾക്ക് നേട്ടമായെന്നും, 2020-21ൽ 41 ലക്ഷം കോടി രൂപ മൂല്യമുള്ള 22 ബില്യൺ ഇടപാടുകൾ BHIM–UPI കൈകാര്യം ചെയ്‌തെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ 2019 ലെ ഭൂട്ടാൻ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ചേർന്നെടുത്ത തീരുമാനമാണ് ഇതോടെ പ്രാവർത്തികമായത്. സന്ദർശനത്തെ തുടർന്നാണ് ഇന്ത്യയും ഭൂട്ടാനും പരസ്പരം റുപെ കാർഡുകൾ സ്വീകരിക്കാൻ തീരുമാനിച്ചത്. രണ്ടു ഘട്ടമായി തീരുമാനം പൂർണ്ണമായും നടപ്പിലാകും. ആദ്യ ഘട്ടമായി ഭൂട്ടാനിൽ ഇന്ത്യൻ റുപെ കാർഡുകളും രണ്ടാം ഘട്ടത്തിൽ തിരിച്ചും സ്വീകരിക്കാനാണ് പദ്ധതി.

ഭൂട്ടാനിൽ BHIM–UPI സമാരംഭിക്കുന്നതോടെ, ഇരു രാജ്യങ്ങളുടെയും പേയ്‌മെന്റ് അടിസ്ഥാനസൗകര്യങ്ങൾ പരിധികളില്ലാത്ത വിധം പരസ്പര ബന്ധിതമാകും. ഓരോ വർഷവും ഭൂട്ടാൻ സന്ദർശിക്കുന്ന ധാരാളം ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും വ്യാപാരികൾക്കും ഇത് ഗുണം ചെയ്യും. ഒരു ടച്ചിലൂടെ പണരഹിത ഇടപാടുകൾ ജീവിതവും യാത്രകളും സുഗമമാക്കുമെന്നാണ് എൻപിസിഐയുടെ കണക്കുകൂട്ടൽ.

ക്യുആർ വിന്യാസത്തിനായി യുപിഐ മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഭൂട്ടാൻ. BHIM ആപ്പ് വഴി മൊബൈൽ അധിഷ്‌ഠിത പേയ്‌മെന്റുകൾ സ്വീകരിക്കുന്ന ആദ്യ അയൽ രാജ്യമാണ് ഭൂട്ടാൻ.

Related Articles

Back to top button