IndiaInternationalLatest

കൊറോണ മൂന്നാം തരംഗത്തിലേക്ക് കടന്നു: ഡെല്‍റ്റ വകഭേദം ആഗോള തലത്തില്‍ വ്യാപിച്ചു- ലോകാരോഗ്യ സംഘടന

“Manju”

ജനീവ: ലോകത്ത് കൊറോണ മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ആഥനോം ഗെബ്രിയേസസ്. കൊറോണയുടെ ഡെല്‍റ്റ വകഭേദം ആഗോള തലത്തില്‍ വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’ എന്നായിരുന്നു ടെഡ്രോസിന്റെ വാക്കുകള്‍.
ഇന്റര്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തിര സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ടെഡ്രോസ്. ഡെല്‍റ്റ വകഭേദം 111 രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ വ്യാപിച്ച്‌ വലിയ തരംഗമായി ഡെല്‍റ്റ വകഭേദം മാറിയേക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണയുടെ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം. കൊറോണയ്‌ക്കെതിരെ ശക്തമായ നിയന്ത്രണ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കൊറോണ കേസുകളും മരണങ്ങളും കുറച്ചു കാലമായി കുറഞ്ഞുവരികയാണെന്നും ടെഡ്രോസ് ചൂണ്ടിക്കാട്ടി.
കൊറോണ പ്രതിരോധ വാക്‌സിനുകള്‍ എല്ലാവരും സ്വീകരിക്കണം. എന്നാല്‍ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സ്വയം നിരീക്ഷണവും നിയന്ത്രണവും ഓരോ പൗരന്മാരുമെടുക്കണം. വൈറസിന് ലോകത്തെ തന്നെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതിനിടെ വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യന്‍ ഉടന്‍ ഉണ്ടാകുമെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൂന്നാം തരംഗം ലോകത്തിന്റെ പലഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഉടനെ പ്രതീക്ഷിക്കാമെന്നും വ്യാപനം കുറയ്ക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒത്തൊരുമിച്ച്‌ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button