LatestThiruvananthapuram

കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങള്‍ പരിഷ്‌കരിക്കും: വ്യവസായമന്ത്രി

“Manju”

തിരുവനന്തപുരം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാലഹരണപ്പെട്ടവ പരിഷ്‌കരിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പരിസ്ഥിതി, തൊഴിലാളി സൗഹൃദമായ ഉത്തരവാദ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്തരവാദ നിക്ഷേപത്തിനു ലോകമെങ്ങും സ്വീകാര്യത ഏറുകയാണ്. കേരളവും കാലത്തിനൊപ്പം സഞ്ചരിക്കണം. പരമാവധി നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വ്യവസായികളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചെറുകിട വ്യവസായ അസോസിയേഷനും വെവ്വേറെ സംഘടിപ്പിച്ച വര്‍ച്വല്‍ സംവാദ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനായി കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ച ഫലം ഉണ്ടാക്കിയെന്നും നിക്ഷേപ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സി ഐ ഐയും ചെറുകിട വ്യവസായ അസോസിയേഷനും വ്യക്തമാക്കി.

ഗെയില്‍ പൈപ്പ്ലൈന്‍, കേരളാ ബാങ്ക്, കിഫ്ബി നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി തുടങ്ങിയവ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ള ഉദാഹരണമാണെന്ന് സി ഐ ഐ കേരള ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു പറഞ്ഞു. കേന്ദ്രീകൃത പരിശോധനാ സംവിധാനം, തര്‍ക്ക പരിഹാര സെല്‍ എന്നിവ വ്യവസായ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധമല്ലാത്തതും അനാവശ്യവുമായ ലൈസന്‍സുകള്‍ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി.

കേരള ബ്രാന്റ് വികസിപ്പിക്കാന്‍ ശ്രമിക്കും. വ്യവസായ സംരംഭകരും സര്‍ക്കാരും കൂട്ടായി ശ്രമിച്ച്‌ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വലിയ പദ്ധതികള്‍ക്ക് ഭൂപരിധി ഒഴിവാക്കുക, ജില്ലാ വികസന പദ്ധതി രൂപീകരിക്കുക, അക്കാദമിക് സ്ഥാപനങ്ങളും ഗവേഷണവും വ്യവസായവുമായി ബന്ധിപ്പിക്കുക, ഉത്പന്ന ഗുണനിലവാര പരിശോധനക്ക് പൊതുസംവിധാനം ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികഭൂമി ഉപയോഗിക്കാന്‍ അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വ്യവസായികള്‍ ഉന്നയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ അസംസ്‌കൃത വസ്തുക്കളും സാധനങ്ങളും വാങ്ങുമ്ബോള്‍ കേരളത്തിലെ ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വ്യവസായ ഭദ്രത സ്‌കീമില്‍ കെ എഫ് സിയെ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യമുന്നയിച്ചു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, കെ.എസ്. ഐ.ഡി.സി എം.ഡി.എം.ജി രാജമാണിക്യം, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് എം. ഖാലിദ് എന്നിവര്‍ക്കൊപ്പം ഇരു സംഘടനകളിലേയും അംഗങ്ങളായ വ്യവസായികളും പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Back to top button