IndiaLatest

പ്രധാനമന്ത്രി വാരണാസിയിൽ സമര്‍പ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിലെ വിസ്‌മയങ്ങള്‍

“Manju”

ന്യൂഡല്‍ഹി: ലോകോത്തര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിലെ സിഗ്ര മേഖലയില്‍ 2.87 ഹെക്ടര്‍ പ്രദേശത്താണ് രണ്ടു നിലയില്‍ രൂപകല്‍പന ചെയ്ത രുദ്രാക്ഷ് എന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിന്റെ ആകൃതിയിലാണ് മേല്‍ക്കൂര. ഉള്ളില്‍ 108 രുദ്രാക്ഷങ്ങള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

1,200 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് രുദ്രാക്ഷില്‍ ഒരുക്കിയിരിക്കുന്നത്. രാത്രിയില്‍ വര്‍ണപ്രഭ ചൊരിയുന്ന തരത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് കെട്ടിടം ആകര്‍ഷകമാക്കിയിട്ടുണ്ട്. വാരാണസിയുടെ കല, സംസ്‌കാരം, സംഗീതം തുടങ്ങിയവയൊക്കെ വെളിവാക്കുന്ന ചുവര്‍ ചിത്രങ്ങളും രുദ്രാക്ഷിന്റെ മാറ്റുകൂട്ടുന്നു.

പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് രുദ്രാക്ഷ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് 200 കോടി ചെലവില്‍ രുദ്രാക്ഷിന്റെ നിര്‍മാണം. മികച്ച സുരക്ഷാ സംവിധാനങ്ങളും കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വാരാണസിയെ മാറ്റാന്‍ രുദ്രാക്ഷിന് കഴിയുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സാമൂഹികസാംസ്‌കാരിക വിനിമയങ്ങള്‍ക്കുള്ള ഒരു ഇടം എന്ന ലക്ഷ്യത്തോടെയാണ് രുദ്രാക്ഷ് നിര്‍മിച്ചിരിക്കുന്നത്. വാരാണസിയുടെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കും. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍, സംഗീതപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് അനുയോജ്യമാണിത്. 120 കാറുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും ഇവിടെയുണ്ട്.

Related Articles

Back to top button