AlappuzhaIndiaLatest

ബഹിരാകാശത്ത്‌ വീടു നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയുമായി മലയാളി

“Manju”

ആലപ്പുഴ : ബഹിരാകാശത്ത്‌ വീടു നിര്‍മിക്കാനുള്ള 2 ഡി സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടു വച്ച മലയാളി യുവ ശാസ്‌ത്രഗവേഷകന്‌ യു.കെയില്‍ അംഗീകാരം. എറണാകുളത്ത്‌ ടെക്‌സ്റ്റൈല്‍ ബിസിനസുകാരനായ ചേര്‍ത്തല സ്വദേശി ഷാജി കൊഞ്ചേരി- സെല്‍വ റാണി ദമ്പതികളുടെ മകന്‍ 39 വയസുകാരന്‍ ഡോക്‌ടര്‍ വിവേക്‌ കൊഞ്ചേരിയാണ്‌ അമ്പതിനായിരം പൗണ്ടിന്റെ (ഏകദേശം 51 ലക്ഷം രൂപ) പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. ഏലി ആന്‍ഡ്‌ ബ്രിട്ട്‌ ഹരാരി ഗ്രാഫീന്‍ എന്റര്‍പ്രൈസസ്‌ യുവശാസ്‌ത്രജ്‌ഞര്‍ക്കായി നടത്തിയ മത്സരത്തിലാണ്‌ വിവേക്‌ വിജയിയായത്‌. സാന്‍ ഡിസ്‌ക് സ്‌ഥാപകനായ ഡോ. ഏലി ഹരാരി, നോബല്‍ സമ്മാന ജേതാവ്‌ ആന്ദ്രേ ജെയിം എന്നിവരടങ്ങിയ ആറംഗ പാനലാണ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌. ബഹിരാകാശത്ത്‌ നിര്‍മിക്കാവുന്ന ഭാരം തീര്‍ത്തും കുറഞ്ഞ, ഏതു പ്രതികൂല സാഹചര്യത്തിലും ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയുന്ന ഗ്രാഫൈന്‍ ഉപയോഗിച്ചുള്ള വീട്‌ എന്ന ആശയമാണ്‌ വിവേക്‌ അവതരിപ്പിച്ചത്‌.
വിവിധ കാര്‍ബണ്‍ ആറ്റങ്ങളുടെ ഗ്രൂപ്പിങ്‌ ഉള്‍ക്കൊള്ളുന്ന ഗ്രാഫൈന്‌ ഉയര്‍ന്ന കാഠിന്യവും ഉരുക്കിനെക്കാള്‍ ഇരുന്നൂറ്‌ മടങ്ങ്‌ ശക്‌തിയും വജ്രത്തിനു സമാനമായ പ്രതിരോധവുമുണ്ട്‌. മാഞ്ചസ്‌റ്റര്‍ സര്‍വകലാശാലയില്‍ ഗവേഷകനായ ഡോ. വിവേക്‌ മെറ്റീരിയല്‍ സയന്‍സില്‍ ഫെലോഷിപ്പ്‌ കരസ്‌ഥമാക്കിയ ശേഷമാണ്‌ കൂടുതല്‍ ശാസ്‌ത്രഗവേഷണങ്ങളിലേക്കു തിരിഞ്ഞത്‌.

Related Articles

Back to top button