IndiaLatest

എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

“Manju”

മുംബൈ: എ.ടി.എം സേവനങ്ങള്‍ക്ക് ഇനി ചിലവേറും. എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. ഏഴുവര്‍ഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 2014ലാണ് അവസാനമായി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാല്‍ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം.ഇതോടെ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം.

2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവയ്ക്കാണ് നിരക്ക് ഈടാക്കുക. നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എ.ടി.എമ്മില്‍നിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകള്‍ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കളില്‍നിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന് ഈടാക്കാം.

മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യ ഇടപാടുകള്‍ നടത്താം.എ.ടി.എം സ്ഥാപിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ബാങ്കുകളാണ് ചെലവുകള്‍ വഹിക്കുന്നത്. അതിനാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും തയാറാകും. ഓരോ ബാങ്കും വ്യത്യസ്ത നിരക്കുകളാണ് എ.ടി.എം സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. 2019 ജൂണില്‍ എ.ടി.എം നിരക്കുകള്‍ പുതുക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ സമിതി രൂപീകരിച്ചിരുന്നു. അതിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Related Articles

Back to top button