LatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിന് 1000 കോടിയുടെ പദ്ധതികള്‍

“Manju”

തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തര സൗകര്യങ്ങളോടെ മാറ്റുന്നതിനായി 1000 കോടി രൂപയുടെ പദ്ധതികള്‍ അദാനിഗ്രൂപ്പ് നടപ്പാക്കും. അദാനിയുടെ കൈവശമുള്ള ആറ് വിമാനത്താവളങ്ങളില്‍ 3500 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ബാക്ലെയിസ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് 250 മില്യണ്‍ യു.എസ് ഡോളര്‍ (1936 കോടി രൂപയോളം) കടമെടുത്താണ് ആദ്യഘട്ട വികസനം. രണ്ടാംഘട്ടത്തില്‍ 200 മില്യണ്‍ ഡോളറിന്റെ (1548കോടി രൂപ) പദ്ധതികള്‍ നടപ്പാക്കും. ഇതില്‍ 1000കോടിയുടെ പദ്ധതികള്‍ തിരുവനന്തപുരത്തായിരിക്കും.

തിരുവനന്തപുരം, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഏറ്റെടുത്തിട്ടുള്ളത്. വികസന പദ്ധതികള്‍ക്കായുള്ള മാസ്റ്റര്‍പ്ലാന്‍ ആറുമാസത്തിനകം തയ്യാറാക്കാന്‍ സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ദ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ മാള്‍ ഏറ്റെടുത്ത് ടെര്‍മിനലിന്റെ ഭാഗമാക്കാനും ചര്‍ച്ച തുടങ്ങി.

നിലവിലെ 33,300ചതുരശ്രഅടി ടെര്‍മിനല്‍ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്രഅടി കൂട്ടിച്ചേര്‍ത്ത് പുതിയ ടെര്‍മിനല്‍, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ പുതുക്കല്‍, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍, ഷോപ്പിംഗ്സേവന കേന്ദ്രങ്ങള്‍ എന്നിവയാണ് പരിഗണനയിലുള്ളത്.

എയര്‍പോര്‍ട്ട് അതോറിട്ടിയുമായുള്ള കരാറനുസരിച്ച്‌, ഓരോ യാത്രക്കാരനും 168രൂപ വീതം അദാനിഗ്രൂപ്പിന് നല്‍കണം. പ്രതിവര്‍ഷം 75കോടി പാട്ടത്തുകയിനത്തില്‍ കണ്ടെത്തേണ്ടതുണ്ട്. 50വര്‍ഷത്തേക്ക് വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. സൗകര്യങ്ങളും സര്‍വീസുകളും വര്‍ദ്ധിപ്പിച്ച്‌ യാത്രക്കാരുടെ എണ്ണം കൂട്ടുന്നതിനൊപ്പം പരമാവധി വരുമാനമുണ്ടാക്കാനുള്ള പദ്ധതികളും നടപ്പാക്കും.

Related Articles

Back to top button