IndiaLatest

ബാഹ്യ ഇടപെടലുകളിൽ നിന്നും കീഴ്‌ക്കോടതികളെ സംരക്ഷിക്കണം; സുപ്രീം കോടതി

“Manju”

ന്യൂഡൽഹി : രാജ്യത്ത് പണക്കാർക്കും സാധാരണക്കാർക്കും വ്യത്യസ്ത നിയമ സംവിധാനങ്ങൾ സാധ്യമല്ലെന്ന് സുപ്രീം കോടതി. നിയമ സംവിധാനങ്ങളോട് ഉള്ള വിശ്വാസ്യത നിലനിർത്തണമെങ്കിൽ കീഴ്ക്കോടതികളുടെയും ഉയർന്ന നിയമസംവിധാനങ്ങളുടെയും സർക്കാരുകളുടെയും സാമ്രാജത്വ മനഃസ്ഥിതി മാറണമെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്ധ്യപ്രദേശിലെ  ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗോപാൽ സിംഗിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

ഭയാനകമായ സാഹചര്യങ്ങളിലാണ് പലപ്പോഴും കീഴ്‌ക്കോടതികൾ പ്രവർത്തിക്കുന്നത്. ബാഹ്യ ഇടപാടുകളിൽ നിന്നും കോടതികളെ സംരക്ഷിക്കേണ്ടതുണ്ട്. ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതകക്കേസിൽ വാദം കേട്ട വിചാരണക്കോടതി ജഡ്ജി തനിക്ക് ഭീഷണി ഉണ്ടായെന്ന് ആരോപിച്ചിരുന്നു. ഇത് പോലും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത് എന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

പ്രതി ഗോപാൽ സിംഗിനെ ഉടൻ കസ്റ്റഡിയിലെടുക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഭീഷണിപ്പെടുത്തിയെന്ന വിചാരണ കോടതി ജഡ്ജിയുടെ പരാതി പരിശോധിക്കാനും ഹൈക്കോടതിയ്‌ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

Related Articles

Back to top button