IndiaLatest

അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്‌ക്ക് പണം കണ്ടെത്താൻ പ്രത്യേക നയം

“Manju”

ന്യൂഡൽഹി: ഉയർന്ന ചികിത്സാ ചെലവ് വരുന്ന അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്‌ക്കായി പണം കണ്ടെത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്രസർക്കാർ. താത്പര്യമുള്ള പൊതുജനങ്ങൾക്ക് നേരിട്ട് ആശുപത്രിയിലേക്ക് പണം നൽകുന്നതാണ് പുതിയ നയം. പൊതുജനങ്ങളിൽ നിന്നും പണം സ്വരൂപിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു.

അപൂർവ്വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിന് അന്തിമ രൂപം നൽകിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവിൺ പവാർ വ്യക്തമാക്കി. സ്‌പൈനൽ മസ്‌കുലാർ അട്രോഫി അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് വരുന്ന ഉയർന്ന ചികിത്സാ ചെലവ് പൂർണ്ണമായും വഹിക്കാൻ സർക്കാരിന് ബുദ്ധിമുട്ടാണ്. അതിനാൽ ആശുപത്രികളേയും സാമ്പത്തിക സഹായം നൽകാൻ താത്പര്യമുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും ഒന്നിപ്പിക്കുന്ന ഡിജിറ്റൽ വേദി ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് പുതിയ നയം.

പൊതുജനങ്ങൾക്ക് ആശുപത്രിയിലേക്ക് പണം നൽകാം. കോർപ്പറേറ്റ് മേഖലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. രോഗിയുടെ രോഗാവസ്ഥ, നൽകുന്ന ചികിത്സ, ചെലവ്, പണം നൽകേണ്ട ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതു ജനങ്ങൾക്കായി പങ്കുവെയ്‌ക്കും. ഇങ്ങനെ കണ്ടെത്തുന്ന പണം ആശുപത്രികൾ ചികിത്സയ്‌ക്കായി ചെലവഴിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

രോഗികളുടെ ചികിത്സയ്‌ക്കായാണ് ഇതിലൂടെ ലഭിക്കുന്ന പണം ആദ്യം വിനിയോഗിക്കുക. ബാക്കി തുക ഗവേഷണങ്ങൾക്ക് ഉപയോഗിക്കും. പുതിയ നയത്തിന് മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ മാർച്ചിൽ അനുമതി നൽകിയിരുന്നു.

Related Articles

Back to top button