ErnakulamLatest

ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

“Manju”

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. 2012 ജൂൺ 12ന് പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ സിപിഒ മണിയൻപിള്ളയെയാണ് ആട് ആന്റണി കൊലപ്പെടുത്തിയത്.

മോഷണം നടത്താൻ ആയുധങ്ങളുമായി വാഹനത്തിലെത്തിയ ആന്റണിയെ എസ്‌ഐ ജോയിയും മണിയൻപിള്ളയും ചേർന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ പോലീസ് ജീപ്പിൽ കയറ്റുമ്പോഴായിരുന്നു ആക്രമണം.

ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടെ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് മണിയൻ പിള്ളയുടെ നെഞ്ചിലും പിന്നിലും ആന്റണി കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച എസ്‌ഐയുടെ വയിറ്റിലും മൂന്ന് തവണ കുത്തി. ശേഷം ആന്റണി തന്റെ വാഹനത്തിൽ രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ മണിയൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്നു ആന്റണി. 2015 ഒക്ടോബർ 13ന് പാലക്കാട് നിന്നുമാണ് ആന്റണിയെ പോലീസ് പിടികൂടുന്നത്.

കൊല്ലത്ത് കുണ്ടറയിൽ നിന്നും ആടിനേയും ആന്റണി മോഷ്ടിച്ചിരുന്നു. അന്ന് മുതലാണ് ആന്റണിയ്ക്ക് ‘ആട് ആന്റണി’ എന്ന പേര് വീണത്.

Related Articles

Back to top button