KeralaLatest

മാതൃ-ശിശു കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സജ്ജമായി

“Manju”

തൃശൂര്‍: ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം മതിലകത്ത് സജ്ജമായി. ജില്ലയിലെ രണ്ടാമത്തെ സി എഫ് എല്‍ ടി സി കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സി എഫ് എല്‍ ടി സിയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപി ബെന്നി ബെഹനാന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംസ്ഥാന സര്‍ക്കാരും വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സഹകരിച്ചാണ് നാനൂറ് ഓക്‌സിജന്‍ കിടക്കകളോട് കൂടിയ സെന്റര്‍ ഒരുക്കിയത്. മതിലകത്ത് ദേശീയപാതയോട് ചേര്‍ന്ന് പന്ത്രണ്ട് ഏക്കറിലായി 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ട്രാന്‍സ്ഗ്ലോബല്‍ ഡ്രൈ പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സി പി ട്രസ്റ്റ് സി എഫ് എല്‍ ടി സി ആക്കി മാറ്റുന്നത്. കേന്ദ്രത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപയാണ് സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ് ചെലവഴിച്ചത്. ഇത് കൂടാതെ കേന്ദ്രത്തിലേക്ക് ആംബുലന്‍സും രോഗികള്‍ക്ക് ഭക്ഷണത്തിന് ആവശ്യമായ അരിയും ഭക്ഷണസാധനങ്ങളും ശുദ്ധജലവിതരണ സംവിധാനവും സി പി ട്രസ്റ്റ് നല്‍കും. കിടക്കകളും, മരുന്നും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. മതിലകം ഗ്രാമ പഞ്ചായത്തിനാണ് കേന്ദ്രത്തിന്റെ നിര്‍വഹണ ചുമതല.

നാനൂറ് കിടക്കകള്‍, ഇരുപത് ഡോക്ടര്‍മാര്‍, അന്‍പത് നഴ്സിംഗ് സ്റ്റാഫുകള്‍, അന്‍പത് ഓക്സിജന്‍, മെഡിക്കല്‍ വിഭാഗം, ലാബ്, ഡാറ്റ എന്‍ട്രി, കൗണ്‍സിലിംഗ്, ഫാര്‍മസിസ്റ്റ്, ലൈബ്രറി, എല്ലാവിധ മതവിഭാഗങ്ങള്‍ക്കുമുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, വൈഫൈ, ബയോ മെഡിക്കല്‍ വെയിസ്റ്റ് സംവിധാനമായ ഇമേജ് തുടങ്ങിയവയാണ് ഒരുക്കുന്നത്. നോഡല്‍ ഓഫീസര്‍ ഡോ സാനു കെ പരമേശ്വരന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ ഫാരിസ് എന്നിവര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല. 20 ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രോഗികളെ പരിശോധിക്കും. അടിയന്തര സന്ദര്‍ഭങ്ങളില്‍ ഐ സി യു ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളുകളിലാണ് രോഗികളെ കിടത്തുക. ഓഗസ്റ്റ് പത്തിന് കോവിഡ് ബാധിതര്‍ക്കായി കേന്ദ്രം തു‌റന്നു കൊടുക്കും.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നാടമുറിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, സി പി ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രന്‍, ഡിപിഎം സതീഷ്, ഡോ സാനു എം പരമേശ്വരന്‍, ഡോ ഫാരിസ്, ഡ്രൈപോര്‍ട്ട് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button