Tech

നിങ്ങളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടോ?; അറിയണം ഇക്കാര്യങ്ങൾ

“Manju”

യുവ തലമുറ ഏറ്റവും കൂടുതലായി ഉയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. അതുകൊണ്ടു തന്നെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും ഹാക്കുചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ചില പ്രധാന സുരക്ഷാ സവിശേഷത ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നു. ലോഗിന്‍ ആക്റ്റിവിറ്റി പരിശോധിക്കുക, പ്രൊഫൈല്‍ വിവരങ്ങള്‍ അവലോകനം ചെയ്യുക, ലോഗിന്‍ വിവരങ്ങള്‍ പങ്കിടുന്ന അക്കൗണ്ടുകള്‍ സ്ഥിരീകരിക്കുക, കൂടാതെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുക എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ടു-ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ചെയ്യണമെന്ന് ഇന്‍സ്റ്റഗ്രാം മുന്‍പും അറിയിച്ചിരുന്നു. തെരഞ്ഞെടുത്ത രാജ്യങ്ങളിലെ അക്കൗണ്ടുകള്‍ പരിരക്ഷിക്കുന്നതിന് ഉപയോക്താക്കളെ അവരുടെ വാട്ട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിക്കാന്‍ ഇന്‍സ്റ്റാഗ്രാം അനുവദിക്കും.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംയോജിപ്പിക്കുന്നതിന് അപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് നമ്പറില്‍ കോഡും പങ്കിടുന്നുണ്ട്. അതോടൊപ്പം തന്നെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറും ഇ-മെയിലും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും ഇന്‍സ്റ്റഗ്രാം നിര്‍ദ്ദേശിച്ചിരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോക്താക്കളുമായി അതിവേഗം ബന്ധപ്പെടാന്‍ സാധിക്കുക എന്ന ലക്ഷ്യമാണ് ഈ നിര്‍ദ്ദേശത്തിന് പിന്നില്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഒരു ഹാക്കര്‍ തട്ടിയെടുത്തിട്ടുണ്ടെങ്കിലും അക്കൗണ്ട് വീണ്ടെടുക്കാന്‍ ഇത് ഏറെ സഹായകമാകും. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ആണെന്ന തരത്തിലുള്ള ചില ലിങ്കുകളും ഡയറക്ട് മെസ്സേജുകളും മുന്‍പ് കുറച്ച് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള മെസ്സേജ് ആയിരിക്കാമെന്ന സംശയത്താല്‍ ഈ ലിങ്കില്‍ പ്രവേശിച്ച പലര്‍ക്കും എട്ടിന്റെ പണിയാണ് പിന്നീട് കിട്ടിയത്.

ലിങ്കില്‍ പ്രവേശിച്ച ഉപയോക്താക്കളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ്സ് നഷ്ടപ്പെടുകയും അവരുടെ സ്വകാര്യ ഡാറ്റ അപഹരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലിങ്കുകളോ മറ്റ് ഡയറക്ട് മെസ്സേജുകളോ ഒരിക്കലും അയയ്‌ക്കില്ലെന്ന് പിന്നീട് ഇന്‍സ്റ്റഗ്രാം അറിയിക്കുകയായിരുന്നു. ആരെങ്കിലും തന്റെ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ലോഗിന്‍ റിക്വസ്റ്റ് ഉപയോഗപ്പെടുത്തണമെന്നും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിവൈസ് അതിന്റെ ലൊക്കേഷന്‍ എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. നിങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റൊരാള്‍ പ്രവേശിച്ചിട്ടുണ്ടെന്ന കാര്യം ഇന്‍സ്റ്റഗ്രാമിനും അറിയാന്‍ സാധിക്കുന്നതോടെ അടിയന്തിര നടപടികള്‍ സ്വീകരിക്കാനും കഴിയും.

Related Articles

Back to top button