IndiaLatest

യുപിയിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

“Manju”

ലക്നൗ : ഉത്തർപ്രദേശിൽ ജഡ്​ജിയെ വാഹനമിടിച്ച്​ കൊലപ്പെടുത്താൻ ശ്രമം . ​ഫത്തേപൂർ അഡീഷണൽ ജില്ലാ സെഷൻസ്​ ജഡ്​ജി മുഹമ്മദ് അഹമ്മദ്​ ഖാനെയാണ് അപകടപ്പെടുത്താൻ ശ്രമം നടന്നത് . യു.പിയിലെ കൗഷാംബിയിലെ കോഖ്രാജ് പ്രദേശത്തെ ചക്വാൻ ഗ്രാമത്തിന് സമീപം ഒരു ‘ഇന്നോവ’ കാർ ജഡ്ജിയുടെ കാറിലേക്ക് ഇടിപ്പിക്കുകയായിരുന്നു. അപകടത്തിൽ ജഡ്​ജിയുടെ ഗൺമാന്​ പരിക്കേറ്റു.

ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയതിന്​ പിന്നാലെയാണ് യു.പിയിലും സമാനസംഭവം നടന്നത് .

തുടർന്ന്​ സമീപത്തുള്ള ഖൊഖ്രാജ് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന്റെ പേരിൽ ജഡ്​ജി പരാതി നൽകിയിട്ടുണ്ട്. തന്നെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അപകടം നടന്നതെന്നും, താൻ ഇരുന്ന ഭാഗത്തായി ഇന്നോവ നിരവധി തവണ ഇടിച്ചതായും അദ്ദേഹം പരാതിയിൽ പറയുന്നു. തന്നെ വധിച്ച്​ അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ്​ ഉണ്ടായതെന്നും​ മുഹമ്മദ് അഹമ്മദ്​ ഖാൻ പരാതിയിൽ പറയുന്നു .

2020 ഡിസംബറിൽ ഒരു യുവാവിന്റെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന്​ തനിക്ക് ബറേലിയിൽ നിന്ന് വധഭീഷണിയുണ്ടായിരുന്നതായും അഹമ്മദ്​ ഖാൻ പരാതിയിൽ പറയുന്നു. കൗശമ്പി നിവാസിയാണ് ആ യുവാവ് . അതേ സമയം അപകടത്തിനിടയാക്കിയ ജഡ്​ജിയുടെ ഇന്നോവയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നുണ്ട്.

മുഹമ്മദ് അഹമ്മദ് ഖാൻ വ്യാഴാഴ്ചയാണ് പ്രയാഗരാജിൽ എത്തിയത് . കാറിൽ ഫത്തേപ്പൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത് .

കഴിഞ്ഞ ദിവസമാണ് ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാത സവാരിയ്‌ക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. കുടുംബത്തിന്റെ പരാതിയിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button