IndiaLatest

ഉത്തര്‍പ്രദേശ് സ്വദേശിനി കോവിഡ് മുക്തയായത് നൂറു ദിവസത്തിനു ശേഷം

“Manju”

ന്യുഡല്‍ഹി: കോവിഡ് ചികിത്സയില്‍ ഏറ്റവും കൂടുതല്‍ കാലം കഴിയേണ്ടി വന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് ഈ ഉത്തര്‍പ്രദേശ് സ്വദേശിനി. നൂറു ദിനം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ കോവിഡ് മുക്തയായത്. മീററ്റിലെ ലാല ലജ്പത് റായ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ അര്‍ച്ചന ദേവി (45) ആണ് ഈ അപൂര്‍വ്വ രോഗി.
രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്നിരുന്ന സമയത്താണ് അര്‍ച്ചന ദേവിയും രോഗബാധിതയായത്. ഏപ്രില്‍ 21ന് കടുത്ത ശ്വാസതടസ്സമടക്കമുള്ള കോവിഡ് ലക്ഷണങ്ങളോടെയാണ് അര്‍ച്ചന ദേവിയെ ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ നാളുകള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ ഇന്നലെ രോഗമുക്തയായി ആശുപത്രി വിട്ടു.
എന്റെ കുടുംബത്തിനു വേണ്ടിയാണ് ഈ തിരിച്ചുവരവെന്ന് അര്‍ച്ചന ദേവി പറഞ്ഞു. മകന്റെ ശബ്ദമാണ് തന്നെ തിരിച്ചുകൊണ്ടുവന്നത്. എല്ലാം ശുഭമാകുമെന്ന് അവന്‍ എന്നും പറയുമായിരുന്നു’-അവര്‍ പറഞ്ഞു.
കോവിഡ് ബാധിച്ച്‌ വാര്‍ഡിലേക്ക് വരുന്ന രോഗികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു. അതോടെ ഞങ്ങള്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടു. മവനയിലെ വീട്ടില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ അമ്മയ്ക്ക് ജീവനുണ്ടായിരുന്നുവെന്ന് മാത്രമേയുള്ളു. ഓക്‌സിജന്‍ ലെവല്‍ 30 ശതമാനത്തില്‍ താഴെയായിരുന്നു. ഹൃദയമിടിപ്പും പനിയും കൂടുതലായിരുന്നു. വൈകാതെ ബോധം നഷ്ടപ്പെട്ടു.- അര്‍ച്ചനയുടെ മൂത്ത മകന്‍ പുനീത് കുമാര്‍ പറഞ്ഞു.
ഏപ്രില്‍, മെയ് മാസങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു. നിരവധി രോഗികള്‍ മരിച്ചുപോയി. പലരുടെയും കുടുംബങ്ങള്‍ ഡോക്ടര്‍മാരോട് സഹകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അര്‍ച്ചനയുടെ കുടുംബം വലിയ സഹായമാണ് ചെയ്തതെന്ന് ഡോ. യോഗിത സിംഗ് പറഞ്ഞു. കോവിഡ് വാര്‍ഡില്‍ ഇവരുള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരായ ഡ്യുട്ടി ചെയ്തിരുന്നത്.
ആശുപത്രിയില്‍ എത്തിയയുടന്‍ അര്‍ച്ചനയ്ക്ക് ബൈപാപ്പ് മെഷീന്‍ നല്‍കി. കടുത്ത ശ്വാസകോശ-ഹൃദ്‌രോഗമുള്ളവര്‍ക്ക് ശ്വാസിക്കുന്നതിനു നല്‍കുന്ന ഉപകരണമാണിത്. രണ്ട് മാസത്തോളം ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ് അവര്‍ കഴിഞ്ഞത്. അവസ്ഥ മോശമായതോടെ കൃത്രിമ ഓക്‌സിജന്‍ നല്‍കി. ആഴ്ചകള്‍ ഈ നില തുടര്‍ന്നു. പതുക്കെ അവര്‍ സാധാരണ നിലയിലേക്ക് വരികയും ഓക്‌സിജന്‍ നല്‍കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്തു.
എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച്‌ ജൂണില്‍ അവര്‍ക്ക് ബ്ലാക്ക ഫംഗസ് സ്ഥിരീകരിച്ചു. അര്‍ച്ചനയുടെ കണ്ണിനും മൂക്കിനും ചുറ്റും കറുത്ത കുത്തുകളും കുരുക്കളുമുണ്ടായി. എന്നാല്‍ സ്റ്റീറോയ്ഡ് മരുന്നുകളുടെ ഉപയോഗം കുറയ്ക്കാനും കഴിഞ്ഞില്ല. ശ്വാസകോശം ക്ലിയര്‍ ആക്കുന്നതിനു വേണ്ടി ഡോക്ടര്‍ അവര്‍ക്ക് രണ്ടാഴ്ചത്തേക്ക് ചെസ്റ്റ് ഫിസിയോതെറാപ്പി നല്‍കി. അത്ഭുതകരമായി അവര്‍ അതിനോട് പ്രതികരിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്തു. വൈകാതെ ഐ.സിയുവില്‍ നിന്ന് അവരെ മാറ്റാനും കഴിഞ്ഞു.
കര്‍ഷകനാണ് അര്‍ച്ചനയുടെ ഭര്‍ത്താവ് ബീര്‍ സിംഗ്, മക്കളായ പുനീത്ും കുനാലും ഫാര്‍മസി വിദ്യാര്‍ത്ഥികളാണ്. കോവിഡ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയില്‍ കഴിഞ്ഞതിന്റെ റെക്കോര്‍ഡ് ഗുജറാത്തിലെ സോലയില്‍ നിന്നുള്ള 59കാരനാണ്. ജനുവരിയില്‍ ആശുപത്രിയില്‍ എത്തിയ ദേവേന്ദ്ര പാര്‍മര്‍, 113 ദിവസത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞ കോവിഡ് രോഗികളില്‍ ഒരാളാണ് അര്‍ച്ചന ദേവി എന്നതില്‍ സംശയമില്ലെന്ന് ഐ.എം.എ മുന്‍ പ്രസിഡന്റ് വിനയ് അഗര്‍വാള്‍ പറഞ്ഞു.

Related Articles

Back to top button