IndiaLatest

കമ്പ്യൂട്ടർ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി

“Manju”

ഇൻഡോർ• കംപ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ നാംദേവ് ത്യാഗിയുടെ ആശ്രമം പൊളിച്ചുമാറ്റി മധ്യപ്രദേശ് സർക്കാർ. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ആശ്രമം പൊളിച്ചുമാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് കരുതൽ നടപടിയുടെ ഭാഗമായി ത്യാഗി ഉൾപ്പെടെ ആറു പേരെ പൊലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പൊളിച്ചുമാറ്റൽ. ശിവ്‌രാജ് സിങ് ചൗഹാൻ നയിച്ചിരുന്ന മധ്യപ്രദേശിലെ മുൻ ബിജെപി മന്ത്രിസഭയിൽ സഹമന്ത്രി പദവി ലഭിച്ചിരുന്നയാളാണ് നാംദേവ്. പിന്നീട് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു. കോൺഗ്രസിന്റെ കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ നദി സംരക്ഷണ ട്രസ്റ്റിന്റെ ചെയർമാനുമായിരുന്നു. മധ്യപ്രദേശിൽ കഴിഞ്ഞാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇൻഡോർ നഗരത്തിലെ ജംപൂർദി ഹാപ്സിക്കു സമീപമുള്ള പ്രാന്തപ്രദേശത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്. 80 കോടി രൂപയോളം വിലവരുന്ന 40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ത്യാഗിയുടെ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സർക്കാർ ഭൂമിയിൽ അനധികൃതമായി കയ്യേറ്റങ്ങൾ കണ്ടെത്തിയതാണ് പൊളിക്കലിലേക്കു നയിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇവിടെ പലതരത്തിലുള്ള നിർമാണങ്ങളും നടന്നിരുന്നു.

റവന്യൂ വിഭാഗം 2000 രൂപ വീതം ആശ്രമം ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തിയിരുന്നെന്നും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അറിയിച്ചിരുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. എന്നാൽ അത് അനുസരിക്കാതിരുന്നതോടെയാണ് ഞായറാഴ്ച ആശ്രമം അധികൃതരെ അറസ്റ്റു ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. നാംദേവിനെയും ആറ് കൂട്ടാളികളും നിലവിൽ ജയിലിലാണ്. കയ്യേറ്റം ഒഴിപ്പിച്ച പ്രദേശത്ത് ഒരു ഗോശാലയും മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലവും നിർമിക്കുമെന്നും അധികൃതർ അറിയിച്ചു.

നർമദ നദിയിലെ അനധികൃത മണൽ വാരലുമായി ബന്ധപ്പെട്ടാണ് 2018 നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയുടെ ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരുമായി നാംദേവ് തെറ്റിയത്. ഇക്കഴിഞ്ഞ നവംബർ 3ന് സംസ്ഥാനത്തെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി ‘ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്ന ക്യാംപെയിനും ത്യാഗി നടത്തിയിരുന്നു. മാത്രമല്ല ബിജെപിയിലേക്ക് അടുത്തിടെ ചേക്കേറിയ 22 കോൺഗ്രസ് എംഎൽഎമാരെ വഞ്ചകരെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. 22 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്നാണ് കോൺഗ്രസ് സർക്കാർ നിലംപൊത്തുകയും മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്തുകയും ചെയ്തത്. ഈ എംഎൽഎമാരും അടുത്തിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

Related Articles

Back to top button