India

 മലപ്പുറത്ത് ടിപിആർ  17.2; കേരളത്തിൽ ആർടിപിസിആർ വർദ്ധിപ്പിക്കണമെന്ന് കേന്ദ്രം

“Manju”

ന്യൂഡൽഹി : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും കൊറോണ പരിശോധന വർദ്ധിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. വാർത്താസമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ജനങ്ങൾ അതീവ ജാഗ്രത തുടരണം. 44 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കൂടുതലുള്ള 18 ജില്ലകളിൽ 10 ജില്ലകളും കേരളത്തിലാണെന്നും ലാവ് അഗർവാൾ വ്യക്തമാക്കി. കേരളത്തിലെ കൊറോണ പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊണ്ട് കാര്യമായ ഗുണം ലഭിച്ചിട്ടില്ല. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചതാണ് വ്യാപനം വർദ്ധിക്കാൻ കാരണമായത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിക്കാനും സംസ്ഥാന സർക്കാരിന് സാധിച്ചില്ല.

മലപ്പുറം ജില്ലയിൽ ടിപിആർ 17 ശതമാനത്തിന് മുകളിലാണ്. നിലവിൽ ജില്ലയിലെ പരിശോധനകളുടെ 80 ശതമാനവും ആന്റിജൻ പരിശോധനകളാണ്. 20 ശതമാനം മാത്രമാണ് ആർടിപിസിആർ പരിശോധന. അതിനാൽ സംസ്ഥാനത്തെ ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം നിർദേശിച്ചു. കൊറോണ വ്യാപനം വിലയിരുത്താൻ സംസ്ഥാനം സന്ദർശിച്ച ആറംഗ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് വിശകലനം ചെയ്ത ശേഷമാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം കണ്ടെയ്ൻമെന്റ് സോണുകൾ കൃത്യമായി ഏർപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

Related Articles

Check Also
Close
Back to top button