കൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്റെ പിതാവ് അറസ്റ്റിലായി. കൊല്ലം അമ്മച്ചിവീട് ജങ്ഷനടുത്തുള്ള ഓഡിറ്റോറിയത്തില്‍ വിവാഹം നടത്താന്‍ ശ്രമിച്ചതാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പെട്ട് കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലധികം ആളുകള്‍ പങ്കെടുക്കുന്നതായി കണ്ടത്. വിവാഹത്തിന് വന്ന ആള്‍ക്കാരെ പൊലീസ് താക്കീത് ചെയ്ത് തിരിച്ചയച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ദുരന്തനിവാരണ നിയമം കേരള പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച 101 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. കോവിഡ് നിയന്ത്രണം ലംഘിച്ച 147 പേരെ അറസ്റ്റ് ചെയ്തു. ശരിയായ വിധം മാസ്ക് ധരിക്കാതിരുന്ന 930 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 867 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.