IndiaLatestSports

ദേശീയ ഗെയിംസ് ഇന്നു കൊടിയേറ്റം

“Manju”

 

ബംബോലിം: ഏഷ്യന്‍ ഗെയിംസിന്‍റെ ആവേശം അടങ്ങുന്നതിനു മുമ്പ് കായിക പ്രേമികള്‍ക്ക് മറ്റൊരു ഉത്സവം. ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന 37-ാം ദേശീയ ഗെയിംസിന് ഇന്ന് കൊടിയേറും.

2015ല്‍ കേരളം ആതിഥേയത്വം വഹിച്ചതിനു പിന്നാലെ ഗോവയില്‍ നടക്കേണ്ടിയിരുന്ന ഗെയിംസിനാണ് ഇന്നു കേളികൊട്ട് ഉയരുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതും പിന്നീട് കോവിഡ്-19 മഹാമാരി വന്നതുമെല്ലാം ദേശീയ ഗെയിംസിന്റെ ഗോവന്‍ എഡിഷന്‍ വൈകിപ്പിച്ചു. ഇതിനിടെ 2022ല്‍ ഗുജറാത്ത് 36-ാം ദേശീയ ഗെയിംസ് സാധ്യമാക്കുകയും ചെയ്തു.

കടമ്ബകള്‍ ഏറെ കടന്ന ഗോവ ഒടുവില്‍ 2023 ദേശീയ ഗെയിംസ് സാധ്യമാക്കിയിരിക്കുകയാണ്. ബംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയമാണ് ഗോവന്‍ ദേശീയ ഗെയിംസിന്റെ പ്രധാന വേദി. നവംബര്‍ ഒമ്പത് വരെയാണ് ദേശീയ ഗെയിംസ്.

43 മത്സരങ്ങള്‍

28 സംസ്ഥാനങ്ങളില്‍നിന്നും എട്ട് കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമായി 10,000ല്‍ അധികം കായിക താരങ്ങളാണ് ഗോവയില്‍ എത്തുക. 43 ഇനങ്ങളിലാണ് ദേശീയ ഗെയിംസില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒളിമ്ബിക്‌സ് മോഡലില്‍ ഇന്ത്യയിലെ ആഭ്യന്തര കായിക മത്സരങ്ങളാണ് ദേശീയ ഗെയിംസ് എന്ന കുടക്കീഴില്‍ അരങ്ങേറുന്നത്.

ദേശീയ ഗെയിംസിന് ഗോവ വേദിയാകുന്നത് ഇതാദ്യമാണ്. 2022 ഗുജറാത്ത് ദേശീയ ഗെയിംസില്‍ 36 ഇനങ്ങളിലായി 7000ല്‍ അധികം കായിക താരങ്ങളായിരുന്നു പങ്കെടുത്തത്.

ഡല്‍ഹിയും വേദി

ബീച്ച്‌ ഫുട്‌ബോള്‍, റോള്‍ ബോള്‍, ഗോള്‍ഫ്, സെപക്തക്രോ തുടങ്ങിയ ഇനങ്ങള്‍ ദേശീയ ഗെയിംസില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോവയില്‍ മാത്രമല്ല, ഡല്‍ഹിയിലും മത്സരങ്ങള്‍ അരങ്ങേറും. സൈക്ലിംഗ്, ഗോള്‍ഫ് മത്സരങ്ങളാണ് ഡല്‍ഹിയില്‍ നടക്കുക.

29 മുതലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. ബംബോലിം സ്‌റ്റേഡിയത്തിലാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ അരങ്ങേറുക. അത്‌ലറ്റിക്‌സില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ 60 അംഗ സംഘം പങ്കെടുക്കും.

 

Related Articles

Back to top button