IndiaLatest

അവയവ ദാനത്തിനായി ഭര്‍ത്താവിന് ഭാര്യയുടെ സമ്മതം ആവശ്യമില്ല; തെലങ്കാന ഹൈക്കോടതി

“Manju”

വിശാഖപട്ടണം : അവയവ ദാനത്തിനായി ഭര്‍ത്താവിന് അകന്ന് കഴിയുന്ന ഭാര്യയുടെ സമ്മതം ആവശ്യമില്ലെന്ന് തെലങ്കാന ഹൈക്കോടതി. രാമകൃഷ്ണപുരം സ്വദേശി വെങ്കട് നരേന്റെ ഹര്‍ജിയിലാണ് നിര്‍ണായക വിധി. അസുഖ ബാധിതയായ സഹോദരിയ്‌ക്ക് വൃക്ക നല്‍കാന്‍ അകന്നു കഴിയുന്ന ഭാര്യയുടെ സമ്മദം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെങ്കട് കോടതിയെ സമീപിച്ചത്.

ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലാണ് വെങ്കടിന്റെ സഹോദരി ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെച്ചാല്‍ സഹോദരി രക്ഷപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വെങ്കട് സമ്മതം അറിയിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയക്കുള്ള നടപടികളും പൂര്‍ത്തിയാക്കി. എന്നാല്‍ ശസ്ത്രക്രിയയ്‌ക്കായി ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെങ്കടിന്റെ ഭാര്യ വിസമ്മതിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെയാണ് വെങ്കട് കോടതിയെ സമീപിച്ചത്.

1995 ലെ തെലങ്കാന അവയവദാന നിയമപ്രകാരം അവയവദാനത്തിനായി ഉറ്റബന്ധുവിന്റെ സമ്മതം ആവശ്യമാണ്. ഇതാണ് ശസ്ത്രക്രിയയ്‌ക്ക് തടസ്സമായത്. അടിയന്തിര സാഹചര്യം പരിഗണിച്ചായിരുന്നു ജസ്റ്റിസ് അമര്‍നാഥിന്റെ വിധി. അവയവദാനത്തിനായി വെങ്കട് യോഗ്യനാണെന്ന് നിരീക്ഷിച്ച കോടതി എത്രയും വേഗം ശസ്ത്രക്രിയ നടത്താന്‍ ആശുപത്രിയോടും നിര്‍ദ്ദേശിച്ചു. സമ്മതം ആവശ്യപ്പെട്ട് നിരവധി തവണ വെങ്കടിന്റെ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി കോടതി പറഞ്ഞു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ല. ഈ സാഹചര്യത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ വെങ്കടിന് അവയവം ദാനം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button