LatestThiruvananthapuram

കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്‌സിനും നല്‍കുമെന്ന് കേന്ദ്രമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയോടു അഭ്യര്‍ത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്‌സിനും നല്‍കുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചതും കേന്ദ്രമന്ത്രി അത് അംഗീകരിച്ചതും. തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ പാര്‍ക്കില്‍ വാക്‌സിന്‍ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ കേരളം മുന്നോട്ടു വച്ചു. കോവിഡ് വാക്‌സിന്‍ മാത്രമല്ല, മറ്റു വാക്‌സിനുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന്റെ മെച്ചം കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ തുടര്‍ന്ന് ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് അനുവദിക്കുന്നതും കേരളം യോഗത്തില്‍ ഉന്നയിച്ചു.

കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയ കേരളത്തിന്റെ സംവിധാനം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ചികിത്‌സയും ശ്രദ്ധയും വേണ്ടവരെ ഫ്രണ്ട് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ആശുപത്രികള്‍ നേരിടേണ്ടി വന്നേക്കുമായിരുന്ന അധിക സമ്മര്‍ദ്ദം ഇതിലൂടെ ഒഴിവാക്കാന്‍ കഴിഞ്ഞു. വീടുകളില്‍ കഴിയുന്നവരെ തദ്ദേശതലത്തിലുള്ള പ്രത്യേക ടീമുകള്‍ കൃത്യമായി നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനവും ഒരുക്കി. കേരളത്തില്‍ ഇപ്പോഴും 56 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നതിന് സാധ്യതയുണ്ട്. പത്തു ലക്ഷം അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയാണ് ഏക പോംവഴിയെന്നും ഇതിനാലാണ് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ശരാശരി ഒന്നര ലക്ഷം പേരെ ഒരു ദിവസം കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതയും ആവശ്യവും അനുസരിച്ചുള്ള പ്രതിരോധ നടപടികളാണ് കേരളം സ്വീകരിച്ചത്. തദ്ദേശസ്ഥാപന തലത്തിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ആഗസ്റ്റ് നാലു മുതല്‍ വീക്ക്‌ലി ഇന്‍ഫെക്റ്റഡ് പോപ്പുലേഷന്‍ റേഷ്യോ സംവിധാനമാണ് കേരളം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളം കോവിഡ് പ്രതിരോധത്തിന് വികേന്ദ്രീകൃത സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന ഡിസംബറിലും അതിനു ശേഷവും കോവിഡ് എണ്ണത്തില്‍ വര്‍ധനയുണ്ടാകാതെ നിയന്ത്രിക്കാനായി. പത്ത്, 12 ക്‌ളാസുകളിലെ പരീക്ഷ മികച്ച രീതിയില്‍ ഈ കാലയളവില്‍ നടത്താനായി. ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചതിലൂടെയാണ് കേരളത്തിന് കോവിഡിനെ നിയന്ത്രിക്കാനായത്.

Related Articles

Back to top button