Latest

അഫ്‌ഗാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങി

“Manju”

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുതുടങ്ങി. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേന വിമാനങ്ങളിലായിരിക്കും ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ അ‌ടക്കമുള്ളവരെ കൊണ്ടുവരുന്നത്. ഇന്നലെ എയര്‍ ഇന്ത്യാ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ അടിയന്തര ഒഴിപ്പിക്കലിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടിയിരുന്നു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെല്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button