KeralaLatest

എങ്ങനെ വിളമ്പണം ഓണസദ്യ?

“Manju”

തിരുവോണമെന്നാല്‍ തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേര്‍ന്നാലേ പൂര്‍ണമാവൂ. സദ്യ എങ്ങനെയെങ്കിലും കഴിച്ചാല്‍ പോരാ. അതിന്റേതായ എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതാണ്.

ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. പായ നിലത്തു വിരിച്ച്‌ തുശനിലയില്‍ വേണം, ഓണസദ്യയുണ്ണാന്‍. തൂശനിലയുടെ കൂര്‍ത്ത ഭാഗം ഇരിയ്ക്കുന്നയാളുടെ ഇടതു ഭാഗത്തു വരണം. അതായത് വണ്ണം കുറഞ്ഞ അറ്റം ഭാഗം. ഓരോരോ വിഭവങ്ങള്‍ ഇലയുടെ ഓരോ ഇടങ്ങളില്‍ വേണം, വിളമ്പാന്‍.

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരണ കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശര്‍ക്കര പാവു കാച്ചിയ ശര്‍ക്കര ഉപ്പേരി ഇവയാണ് വിളമ്പുക. വിഭവങ്ങളില്‍ ഉപ്പ് കൂടുതല്‍ ആവശ്യമുളളവര്‍ക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും പപ്പടവും വിളമ്പും. തുടര്‍ന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും. ഇലയുടെ വലത്തെ അറ്റത്തായി അവിയല്‍ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും. തുടര്‍ന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാല്‍ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച്‌ പപ്പടം പൊട്ടിച്ച്‌ ഊണ് തുടങ്ങാം. അതു കഴിഞ്ഞാല്‍ സാമ്പാര്‍ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ പായസം വിളമ്പാറുണ്ട്. എന്നാല്‍ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.

പായസങ്ങളില്‍ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. അതിനുശേഷം കടലപ്രഥമന്‍. ഏറ്റവും അവസാനമാണ് പാല്‍പ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളില്‍ പാല്‍പ്പായസത്തിനൊപ്പം ബോളി കൂടി നല്‍കാറുണ്ട്. പായസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളില്‍ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂര്‍ത്തിയാവുക.

Related Articles

Back to top button