LatestThiruvananthapuram

ശിവഗിരി തീർത്ഥാടനം; ഉദ്ഘാടനം രാജ്‌നാഥ് സിംഗ് നിർവ്വഹിക്കും

“Manju”

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിസംബർ 30ന് രാവിലെ നിര്‍വ്വഹിക്കും. ശിവഗിരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയാകും.

പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കു ശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണവും 30ന് നടക്കും. രാവിലെ 7:30ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉദ്ഘാടന ചടങ്ങില്‍ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവര്‍ണരേഖകള്‍, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

31ന് രാവിലെ 4:30ന് തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിക്കും. 8:30ന് മഹാസമാധിയില്‍ തീര്‍ത്ഥാടന ഘോഷയാത്രയുടെ സമാപനത്തില്‍ സ്വാമി സച്ചിദാനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. 10 മണിക്ക് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന്‍ വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലി എന്നിവര്‍ മുഖ്യാതിഥികളാകും.

ചടങ്ങില്‍ ശിവഗിരി ഹൈസ്‌കൂള്‍ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാന്‍ പുരസ്‌കാരം നേടിയ ശിവഗിരി തീര്‍ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ ജി ബാബുരാജനെ സമ്മേളനത്തില്‍ ആദരിക്കും. മൂന്നാംദിവസമായ ജനുവരി ഒന്നിന് രാവിലെ 10ന് നടക്കുന്ന ശിവഗിരി തീര്‍ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാവും. മന്ത്രി എ കെ ശശീന്ദ്രന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കവി പ്രഭാവര്‍മ, സൂര്യകൃഷ്ണമൂര്‍ത്തി എന്നിവരായിരിക്കും വിശിഷ്ടാതിഥികള്‍.

Related Articles

Back to top button