InternationalLatest

പാരാലിമ്പിക്സ്; വിനോദ് കുമാറിന്റെ വെങ്കല മെഡല്‍ അസാധുവാക്കി

“Manju”

ടോക്കിയോ: ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യന്‍ താരത്തിന്റെ വെങ്കലമെഡല്‍ നേട്ടം അസാധുവാക്കി. ഡിസ്‌ക്കസ്‌ത്രോ എഫ്-52 വിഭാഗത്തില്‍ കുറിച്ച ഏഷ്യന്‍ റെക്കോഡ് പ്രകടനമാണ് അസാധുവായത്. വിനോദിന്റെ ശാരീരിക ക്ഷമത എഫ് 52ല്‍ എന്ന വിഭാഗത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ മികച്ചതാണെന്ന പരാതിയിലാണ് തീരുമാനം. സാങ്കേതിക പ്രശ്‌നമായി ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് മെഡല്‍ ദാന ചടങ്ങും പാരാലിമ്പിക്സ് കമ്മറ്റി ഇന്നലെ മാറ്റിവച്ചിരുന്നു. വിശദമായ പരിശോധനയിലാണ് സാങ്കേതിക പിഴവ് ബോദ്ധ്യപ്പെട്ട സംഘാടകര്‍ മെഡല്‍ അസാധുവാക്കിയത്.

ശരീരത്തിലെ മസിലുകളുടെ ശക്തിയെ ആധാരമാക്കിയാണ് ശാരീരിക അവശതയുടെ മാനദണ്ഡം കണക്കാക്കുന്നത്. ശരീരം ചലിപ്പിക്കാനുള്ള കഴിവ്, കാല്‍മുട്ടിന്റ പ്രശ്‌നം, കാലിന്റെ നീളക്കുറവ്, ഇരുന്ന് ചെയ്യുമ്പോള്‍ ശരീരത്തിന്റെ ബലക്കുറവ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പരിഗണിക്കും. നട്ടെല്ലിന് ക്ഷതം, കഴിത്തിലെ എല്ലിന്റെ ക്ഷതം, കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നതുമൂലമുള്ള ശാരീരികമായ സന്തുലനത്തിന്റെ കുറവ്, മറ്റ് ഞെരമ്പു സംബന്ധമായ പ്രശ്‌നങ്ങളോ നാഡീസംബന്ധമായ പ്രശ്‌നങ്ങളോ മൂലം അവശത അനുഭവിക്കുന്നവരയാണ് എഫ്-52 വിഭാഗത്തില്‍പെടുത്തുക. വിനോദ് ഇത്തരം വിഭാഗത്തേക്കാള്‍ മെച്ചപ്പെട്ട ശാരീരിക ക്ഷമതയുള്ള വ്യക്തിയാണെന്നാണ് മത്സരിച്ച മറ്റുള്ളവര്‍ പരാതിയില്‍ ഉന്നയിച്ചത്.

19.91 മീറ്റര്‍ എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കല മെഡലിന് അര്‍ഹനായിരുന്നത്. പുതിയ ഏഷ്യന്‍ റെക്കോഡും ഈ പ്രകടനത്തിലൂടെ വിനോദ് കുമാര്‍ കുറിച്ചിരുന്നു. ആറ് ശ്രമങ്ങളില്‍ അഞ്ചാമത്തേതിലാണ് മികച്ച ദൂരം വിനോദ് കുമാര്‍ കണ്ടെത്തിയത്. 17.46 മീറ്റര്‍, 18.32, 17.80, 19.12, 19.91, 19.81 എന്നിങ്ങനെയായിരുന്നു ഓരോ ശ്രമത്തിലും കുറിച്ച ദൂരം. 20.02 മീറ്റര്‍ എറിഞ്ഞ പോളണ്ട് താരമാണ് സ്വര്‍ണത്തിന് അര്‍ഹനായത്. 19.98 മീറ്റര്‍ എറിഞ്ഞ ക്രൊയേഷ്യന്‍ താരം വെളളി മെഡലിനും അര്‍ഹനായി. എന്നാല്‍ എഫ് 52 കാറ്റഗറിയില്‍ വിനോദ് കുമാറിന്റെ ക്ലാസിഫിക്കേഷനില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നും നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസിഫിക്കേഷന്‍ പൂര്‍ത്തിയായതെന്നും പാരാലിമ്പിക്സിലെ ടീം ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് അര്‍ഹന്‍ ബഗതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button