KeralaLatest

മയക്കുമരുന്ന് കടത്തുകാരെ പിടിക്കാന്‍ ഇനി ഡോഗ് സ്ക്വാഡ്

“Manju”

തിരുവനന്തപുരം: ഏതുതരം ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചുവച്ചാലും മണത്തു കണ്ടുപിടിക്കാന്‍ പൊലീസിന്റെ പ്രത്യേക ഡോഗ് സ്ക്വാഡ് എത്തുന്നു! നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് വേട്ടയില്‍ ഇനി ഇവ മുന്നിലുണ്ടാവും. മയക്കുമരുന്ന് വേട്ടയ്ക്ക് മാത്രമായി പരിശീലിപ്പിച്ച നായ്ക്കളാണിവ. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ മാത്രമായി പരിശീലനം നല്‍കിയ നായ്ക്കളാണ് എന്‍ഫോഴ്സ്ര്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ പൊലീസിന്റെ സഹായത്തിനെത്തുന്നത്. കഴിഞ്ഞ അ‍ഞ്ചുവര്‍ഷത്തിനകം നാല്‍പ്പതോളം നായ്ക്കളെയാണ് മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ മാത്രം പ്രത്യേകമായി പരിശീലിപ്പിച്ചത്.
ആദ്യം കുരയ്ക്കും,​ പിന്നെ ചാടിവീഴും
# വസ്ത്രത്തിലോ വാഹനത്തിലോ എന്നുവേണ്ട ലഹരിവസ്തുക്കള്‍ ഏത് രൂപത്തില്‍ എവിടെ ഒളിപ്പിച്ചാലും മണത്തു കണ്ടുപിടിക്കാനുള്ള പരിശീലനമാണ് ഈ നായ്ക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
# ബീഡി, സിഗരറ്റ്, മദ്യം, കഞ്ചാവ്, ഹാഷിഷ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ലഹരി സ്റ്റാമ്ബുള്‍പ്പെടെയുള്ള ന്യൂജെന്‍ ലഹരികള്‍ ഉള്‍പ്പെടെ കണ്ടുപിടിക്കും.
#മീനിലോ ഇറച്ചിയിലോ സുഗന്ധ ദ്രവ്യങ്ങള്‍ക്കിടയിലോ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചാലും എത്ര ആള്‍ക്കൂട്ടത്തിനിടയിലും തിരിച്ചറിയും.
# കടത്തുകാരെ കണ്ടെത്തിയാല്‍ ആദ്യം കുരയ്ക്കും. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൈയ്യിലോ കാലിലോ ചാടി പിടിച്ച്‌ കടിച്ചുനിറുത്തും.
#വാഹനങ്ങളിലും ബസ്, റെയില്‍വേ സ്റ്റേഷനുകളിലും സ്കൂള്‍- കോളേജ് പരിസരങ്ങളിലടക്കം ഇവയെക്കൂട്ടിയുള്ള പരിശോധന കര്‍ശനമാക്കും.
ഇവര്‍ പരിശീലനത്തില്‍
ലാബ്രഡോര്‍ വിഭാഗത്തില്‍പ്പെട്ട നായ്ക്കളാണ് ലഹരി മണത്തെടുക്കാന്‍ ഓരോ പൊലീസ് ജില്ലയിലുമുള്ളത്. മാക്സിമസ്,​ പിന്റോ,​ റോക്കി,​ സുല്‍ത്താന്‍, ​പ്രിന്‍സ്,​ ജാക്ക്,​ റാംബോ,​ ക്രിസ്റ്റീന എന്നിവ പരിശീലനത്തിലും പ്രവര്‍ത്തനക്ഷമതയിലും പൊലീസിന്റെ പ്രശംസ നേടിയവരില്‍ ചിലര്‍ മാത്രം. ക്രിസ്റ്റീനയാണ് ഏക പെണ്‍തരി. കാസര്‍കോട്ടാവും ക്രിസ്റ്റീനയ്ക്ക് ഡ്യൂട്ടി. മാക്സ് തലസ്ഥാനത്തും പിന്റോ കണ്ണൂരിലും സുല്‍ത്താന്‍ വയനാട്ടിലും റോക്കി കോട്ടയത്തും ലഹരി വേട്ടയ്ക്കിറങ്ങും. റാംബോ,​ പ്രിന്‍സ്,​ ജാക്ക് എന്നിവരെ യഥാക്രമം പത്തനംതിട്ട,​ കോഴിക്കോട്റൂറല്‍, തിരുവനന്തപുരം റെയില്‍വേ എന്നിവിടങ്ങളില്‍ നിയോഗിക്കും. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ പൊലീസ് ഡോഗ് സ്ക്വാഡിന്റെ നിയന്ത്രണത്തില്‍ കഴിയുന്ന ഇവയുടെ സേവനം അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍,​ വാഹന പരിശോധനാ വേളകള്‍,​ മദ്യവും ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്തും. കഞ്ചാവുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ കടത്തും വില്‍പ്പനയും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലഹരി മാഫിയയെ അമ‌ര്‍ച്ച ചെയ്യാനാണ് ലഹരി വസ്തുക്കള്‍ മണത്തറിയാനുള്ള സവിശേഷ കഴിവ് നേടിയ നായ്ക്കളെയും പൊലീസിന്റെ സഹായത്തിനായി ലഭ്യമാക്കിയിരിക്കുന്നത്. ഓണം പോലുളള ആഘോഷ അവസരങ്ങളില്‍ ലക്ഷ്യമാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റും ലഹരി വസ്തുക്കളും കടത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ രാത്രിയിലും മറ്റും ഇവയുടെ സേവനം അധികമായി ഉപയോഗപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
# ശ്വാനപ്പട
സ‌്നിഫര്‍: 41
ട്രാക്കര്‍: 41

Related Articles

Back to top button