InternationalLatest

യാത്രയ്ക്കിടയിലും ഫയല്‍ നോക്കി പ്രധാനമന്ത്രി

“Manju”

വാഷിംഗ്ടണ്‍ : ഭരണാധികാരികള്‍ വിദേശയാത്ര നടത്തുമ്പോള്‍ ആഘോഷം കണക്കെ പ്രമുഖരായ വ്യക്തികളെയും കൂടെക്കൂട്ടാറുണ്ട്. സംഘത്തില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരും ഇടം പിടിക്കും, ഇവര്‍ക്കായി ആകാശമദ്ധ്യത്തില്‍ വിമാനത്തിലിരുന്ന് പത്രസമ്മേളനങ്ങള്‍ വരെ നടത്തുന്ന പതിവുണ്ട്. എന്നാല്‍ ഇത്തരം ആര്‍ഭാടങ്ങള്‍ ആദ്യം മുതല്‍ ഒഴിവാക്കിയാണ് നരേന്ദ്ര മോദി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നത്. ഒരു യാത്രയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ എന്ന മന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇതിനായി ഒന്നിലേറെ രാജ്യങ്ങള്‍ സന്ദര്‍ശക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിശ്രമിക്കുന്ന മുന്‍ ഭരണാധികാരകളുടെ രീതികള്‍ പാടേ മാറ്റി, ആ സമയം മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വഭാവവും മോദി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്തെ അമേരിക്കന്‍ യാത്രയിലും പതിവ് രീതികള്‍ പിന്തുടരുകയാണ് അദ്ദേഹം.
ഇക്കുറി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്. കൂടാതെ ഇക്കുറി യാത്ര പുതുതായി വാങ്ങിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. 13 മണിക്കൂര്‍ ഇടവേളയില്ലാതെ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ പുത്തന്‍ വിമാനത്തിലെ യാത്രയില്‍ മോദി പങ്കുവച്ച ചിത്രം ഫയലുകള്‍ പരിശോധിക്കുന്നതാണ്. ഒരു നീണ്ട വിമാനയാത്ര നല്‍കുന്നത് നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം ഈ ചിത്രത്തിന് കുറിപ്പായി ചേര്‍ത്തിട്ടുമുണ്ട്. സമയത്തിന്റെ മൂല്യം അത് എവിടെയാണെങ്കിലും തിരിച്ചറിയണമെന്ന സന്ദേശമാണ് ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കുന്നത്.

Related Articles

Back to top button