IndiaLatest

കോവിഡ് :നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനഹായം നിശ്ചയിക്കാന്‍ ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണത്തില്‍ ഉള്‍പെടുത്താന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതാണ് മാര്‍ഗരേഖ. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് കോവിഡ് മരണ സെര്‍ട്ടിഫിക്കറ്റ് നല്‍കുക. എ ഡി എം, ഡി എം ഒ, ഡിസ്ട്രിക്‌ട് സര്‍വൈലന്‍സ് ടീം മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം തലവന്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍.

മരണപ്പെട്ടവരുടെ ബന്ധുക്കള്‍ രേഖാമൂലം ജില്ലാ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം കമിറ്റി കോവിഡ് മരണം തീരുമാനിക്കും. ഇതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന മരണ സെര്‍ട്ടിഫികറ്റിന്റെ നമ്പര്‍ ഉള്‍പെടുത്തി, സര്‍കാരിന്‍റെ ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച്‌ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും നിര്‍ദേശമുണ്ട്‌. ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.

എല്ലാ രേഖകളും പ്രത്യേകസമിതി പരിശോധിച്ച ശേഷമായിരിക്കും കോവിഡ് മരണം തീരുമാനിക്കുക. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. നഷ്ടപരിഹാരത്തുക സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് വിതരണം ചെയ്യുന്നത്. നേരത്തെ രേഖപ്പെടുത്താത്ത മരണങ്ങള്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും. കോവിഡ് പോസിറ്റീവായിരിക്കെ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് നേരത്തേ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പട്ടികയില്‍ ഉള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

Related Articles

Back to top button