Latest

ഹാസ്യനടന്‍ ഉമര്‍ ശരീഫ് അന്തരിച്ചു

“Manju”

ലോക പ്രശസ്ത ഹാസ്യനടന്‍ ഉമര്‍ ശരീഫ് (66) അന്തരിച്ചു. പാകിസ്താനിലെ വിഖ്യാത ഹാസ്യനടന്മാരില്‍ ഒരാളായിരുന്നു. ജര്‍മനിയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്.

‘കോമഡിയുടെ രാജാവ്’ എന്നാണ് ഉമര്‍ ശരീഫ് അറിയപ്പെടുന്നത്. സംവിധായകന്‍, നിര്‍മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. 1955 ഏപ്രില്‍ 19 ന് കറാച്ചിയിലെ ലിയാഖതാബാദിലാണ് ഉമര്‍ ജനിച്ചത്. 14-ാം വയസില്‍ അദ്ദേഹം തന്റെ കഴിവുകള്‍ വേദികളില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇന്‍ഡ്യന്‍ ഹാസ്യനടന്‍ കപില്‍ ശര്‍മ ഉള്‍പെടെ നിരവധി പ്രമുഖര്‍ പ്രചോദനമായി അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ബക്ര ക്വിസ്റ്റൂണ്‍ പെ, ബുദ്ധ ഘര്‍ പേ ഹ തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രിയമായ സ്റ്റേജ് കോമഡി നാടകങ്ങളാണ്.

1992 ല്‍ മിസ്റ്റര്‍ 420 എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനും മികച്ച നടനുമുള്ള ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ പത്ത് നിഗര്‍ അവാര്‍ഡുകളും അദ്ദേഹം നേടി. ഒരു വര്‍ഷത്തില്‍ നാല് നിഗര്‍ അവാര്‍ഡുകള്‍ ലഭിക്കുന്ന ഒരേയൊരു നടനെന്ന ബഹുമതിയും അദ്ദേഹത്തിന്റെ പേരിലാണ്. പാകിസ്താന്റെ സിവിലിയന്‍ ബഹുമതിയായ തംഘ-ഇ-ഇംതിയാസും അദ്ദേഹം നേടിയിട്ടുണ്ട്.

Related Articles

Back to top button