IndiaLatest

വാട്സ്‌ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

“Manju”

ന്യൂഡല്‍ഹി: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ്‌ആപ്പ്, ഫേസ്ബുക്ക്. ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം ലഭ്യമായി തുടങ്ങി. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി ഒമ്ബത് മണിയോടെ തടസ്സപ്പെട്ട സേവനങ്ങള്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പുനഃസ്ഥാപിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നു എന്നും ആപ്പുകള്‍ വീണ്ടും ഓണ്‍ലൈനായതായും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.

രാത്രി പ്രവര്‍ത്തനം നിലച്ചതോടെ ഉടന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു. എന്നാല്‍ ആറ് മണിക്കൂറുള്‍ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാതിരിക്കുക, ലോഗിന്‍ ചെയ്യാനോ ഫീഡ് പുതുക്കാനോ നേരിട്ടുള്ള സന്ദേശങ്ങള്‍ അയയ്ക്കാനോ സാധിക്കാതിരിക്കുക തുടങ്ങിയ പ്രശ്ങ്ങളാണ് ഉപയോക്താക്കള്‍ നേരിട്ടത്.

സേവനങ്ങള്‍ തടസപ്പെടാനുള്ള കാരണം ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമൈന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാര്‍ കരണമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഫേസ്ബുക്കിന്റെ ആഭ്യന്തര കമ്യുണിക്കേഷന്‍ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനവും നിലച്ചതായി വിവരമുണ്ട്.

ലോകവ്യാപകമായി സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ലാഭത്തിനായി ഫേസ്ബുക്കും ഉപകമ്ബനികളും വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു എന്ന ഒരു അമേരിക്കന്‍ ഒരു വിസില്‍ ബ്ലോവര്‍ ആരോപണത്തിന് പിന്നാലെ ആയിരുന്നു സേവനങ്ങളും തടസ്സപ്പെട്ടത്. ഒരേ ദിവസമുണ്ടായ രണ്ടു പ്രശ്നങ്ങളുടെയും ഫലമായി ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ ഏകദേശം 5.5 ശതമാനം ഇടിവുണ്ടായി.

സ്റ്റാന്‍ഡേര്‍ഡ് മീഡിയ ഇന്‍ഡക്‌സിന്റെ കണക്കുകള്‍ പ്രകാരം, മണിക്കൂറുകളോളം സേവനം തടസപ്പെട്ടതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന് യുഎസ് പരസ്യ വരുമാനത്തില്‍ ഓരോ മണിക്കൂറിലും ഏകദേശം 545,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

Related Articles

Back to top button