India

ചന്ദ്രശേഖർ ആസാദ് പാർക്കിലെ മസ്ജിദ് നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

“Manju”

ലക്നൗ ; പ്രയാഗ് രാജിലെ ചരിത്രപ്രസിദ്ധമായ ചന്ദ്രശേഖർ ആസാദ് പാർക്കിൽ നിന്ന് അനധികൃത മസ്ജിദ് നീക്കം ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. പാർക്കിൽ നിന്ന് എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിതേന്ദർ സിംഗ് എന്ന വ്യക്തിയാണ് ഹർജി നൽകിയത് .

പാർക്കിലെ എല്ലാ നിയമവിരുദ്ധ കൈയേറ്റങ്ങളും രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് . ഒക്ടോബർ 8 നകം പ്രയാഗ് രാജ് ജില്ലാ ഭരണകൂടത്തിന് അനുബന്ധ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

മുതിർന്ന അഭിഭാഷകൻ ഹരിശങ്കർ ജെയിൻ മുഖേന നൽകിയ ഹർജിയിൽ മുസ്ലീം സമുദായത്തിലെ ചില അംഗങ്ങൾ പാർക്കിൽ കൃത്രിമ കല്ലറകൾ അനധികൃതമായി നിർമ്മിച്ച് പാർക്കിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ചരിത്ര പ്രസിദ്ധമായ പാർക്കിനെ മസ്ജിദും , അതിനോട് ചേർന്ന ശ്മശാനവും ആക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

മതപരമായ ആവശ്യങ്ങൾക്കായി ഭൂമി പിടിച്ചെടുക്കുന്ന പതിവ് രീതിയിൽ പാർക്ക് പരിസരത്ത് മസ്ജിദ് നിർമ്മിക്കാനും ശ്രമിക്കുന്നു, മൗലികവാദികളുടെയും വഖഫ് ബോർഡിന്റെയും നേതൃത്വത്തിൽ കൃത്രിമ ഖബർ യാർഡുകളും സ്ഥലത്ത് ഉണ്ടാക്കിയിട്ടുണ്ട്. 133 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ മുൻകാലങ്ങളിലും കോടതി ഉത്തരവിട്ടിരുന്നതായി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.നിയമവിരുദ്ധ നിർമ്മാണങ്ങളുടെ ഫോട്ടോകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

Related Articles

Back to top button