IndiaLatest

‘ഹോം’ ബോളിവുഡിലേക്ക്

“Manju”

കൊച്ചി: മലയാളികള്‍ക്ക് കുടുംബസമേതം ഇരുന്ന് കാണാവുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവച്ചെത്തിയിരിക്കുകയാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു.
ഇന്‍ഡ്യയിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്‌ട് കൂടിയാകും ഈ ചിത്രം. വിജയ് ബാബു നിര്‍മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക് സ്വന്തമാക്കിയതും ഇതേ കമ്ബനിയാണ്.
’21 വര്‍ഷം മുമ്പ് ഞാന്‍ മുംബൈയില്‍ കരിയര്‍ ആരംഭിച്ചപ്പോള്‍, മുംബൈ ടൈംസിന്റെ ഒന്നാം പേജില്‍ ഇടംനേടണമെന്നും ഒരു ദിവസം ബോളിവുഡിന്റെ ഭാഗമാകണമെന്നും സ്വപ്നം കണ്ടിരുന്നു.’ഹോം’ അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു’ വിജയ് കുറിച്ചു.
ഹോം പോലെ മനോഹരവും പ്രസക്തവുമായ ഒരു സിനിമ പുനര്‍നിര്‍മിക്കാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകനും സി ഇ ഒയുമായ വിക്രം മല്‍ഹോത്ര പറഞ്ഞു.
ആധുനിക ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കരണമാണ് ഹോം എന്ന ചിത്രം. ഇത്തരത്തിലുള്ള അര്‍ഥവത്തായ കഥങ്ങള്‍ പറയുന്നതിലും അവ പ്രേക്ഷകരിലേക്കെത്തിക്കുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഹോമിന്റെ ഹിന്ദി പുനരാവിഷ്‌ക്കരണത്തിലൂടെ അത് സാധിക്കുമെന്നാണ് കരുതുന്നത്. അങ്കമാലി ഡയറീസിന് ശേഷം ഫ്രൈഡ ഫിലിംസുമായി വീണ്ടും കൈകോര്‍ക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും വിക്രം മല്‍ഹോത്ര പറഞ്ഞു.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ഹോമിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Related Articles

Back to top button