IndiaKeralaLatest

ശാന്തിഗിരിയിലെ സന്യാസ ദീക്ഷ

“Manju”

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു – നവജ്യോതി ശ്രീകരുണാകരഗുരു ശാന്തിഗിരിയില്‍ ആദ്യമായി സന്യാസദീക്ഷ നല്‍കിയതിന്റെ 37-ാംമത് വാര്‍ഷികമാണ് ഇന്ന്. 1984 ന് ഒക്ടോബര്‍ 4 വിജയദശമി നാളിലാണ് ഗുരു ആദ്യത്തെ സന്യാസദീക്ഷ നടത്തിയത്. 31 പേരടങ്ങുന്ന ഒരു സംഘം സ്ത്രീപുരുഷന്മാര്‍ക്ക്ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ഭേദവ്യത്യാസമില്ലാതെ ഗുരു ദീക്ഷ നല്‍കുകയായിരുന്നു, ഗുരുധര്‍മ്മപ്രകാശസഭ എന്ന് ഈ 31 സന്യാസിമാരുടെ കൂട്ടത്തെ ഗുരു നാമകരണം ചെയ്ത് വിളിച്ചു. കാലാനുസൃതമായ ധര്‍മ്മത്തെ എക്കാലവും ദൈവേച്ഛയ്ക്ക് അനുസരിച്ച് വളര്‍ത്തിയെടുത്ത് ബ്രഹ്മനിശ്ചയം സാക്ഷാത്ക്കരിക്കുക, ലോകകര്‍മ്മഗതിയെ ശുദ്ധീകരിക്കുക എന്നിവയാണ് ഗുരുധര്‍മ്മപ്രകാശസഭയുടെ ഉദ്ദേശലക്ഷ്യങ്ങള്‍. എല്ലാവർഷവും സന്യാസിമാരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് സന്യാസത്തിന്റെ വിവിധ തലത്തെക്കുറിച്ച് പ്രഭാഷണപരമ്പര നടത്തിവരാറുണ്ട്. ഒപ്പം സന്യാസിപരമ്പരയിലെ കുടുംബങ്ങൾക്ക് അന്ന് നേരിട്ട് ഭക്ഷണം പാചകം ചെയ്ത് ആശ്രമത്തിൽവെച്ച് തന്നെ വിളമ്പുന്നതിനുള്ള സൗകര്യവും ചെയ്തുപോന്നിരുന്നു. കൊറോണ മഹാമാരിയുടെ കാലമായതിനാൽ കഴിഞ്ഞവർഷവും ഈ വർഷവും ഇത്തരത്തിലുള്ള കുടുംബസംഗമങ്ങൾ സാധ്യമായില്ല. എന്നാൽ സന്യാസത്തിന്റെ ധര്‍മ്മം എന്ന വിഷയത്തെ അധീകരിച്ചുകൊണ്ട് ഒക്ടോബർ 6 മുതൽ 14 വരെനീളുന്ന പത്ത് ദിവസം സൂം മാധ്യമത്തിലൂടെ ഒരു പ്രഭാഷണപരമ്പര സംഘടിപ്പിക്കുകയും, ഓൺലൈൻ മീഡിയയിലൂടെ പരസ്പരം കാരണുന്നതിനും സംസാരിക്കുന്നതിനും ഈ സത്സംഗം ഇടയാക്കുകയും ചെയ്തു. മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും ശുദ്ധിയും മുക്തിയും നല്‍കാനുള്ള കര്‍മ്മധര്‍മ്മങ്ങളാണ് ശാന്തിഗിരിയിലെ ഗുരുധർമ്മപ്രകശ സഭയിലൂടെ ഗുരു വിഭാവനം ചെയ്തിരിക്കുന്നത്.
പൗരാണിക കാലംമുതൽ ആർഷഭാരതത്തിൽ ഗുരുശിഷ്യപരമ്പരയിലടിസ്ഥാനമായ ജീവിത ചര്യ നിലനിന്നിരുന്നു. ഉത്തമശിഷ്യനെ വാര്‍ത്തെടുക്കുന്നതിന് ഈ ഗുരുകുല സമ്പ്രദായത്തിലൂടെ കഴിഞ്ഞിരുന്നു. രാജാക്കന്മാർ രാജകുമാരന്മാരെ ഗുരുകുലത്തിലയച്ച് പഠിപ്പിച്ചിരുന്നു. കാരണം രാജാവാകുന്നയാൾക്ക് തന്റെ പ്രജകളിലെ എല്ലാത്തരം ആളുകളുമായും ഇടപെഴകുവാനും, ഭാവിയിലെ രാജഭരണത്തിൽ ഇത് അവർക്ക് മുതൽക്കൂട്ടാകുകയുെ ചെയ്തിരുന്നു. ശ്രീരാമനും, ശ്രീകൃഷ്ണനും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ സന്യാസത്തിലേക്കുള്ള ചുവട് വെയ്പിന് പിന്നെയും ശ്രമകരമായ പലപരീക്ഷണങ്ങളും നേരിടേണ്ടതായിട്ടുണ്ട്.
ആനന്ദമയകോശങ്ങളെ പരിപോഷിപ്പിച്ച് സമചിത്തതയുള്ള ശിഷ്യരെ വാര്‍ത്തെടുക്കുക സന്ന്യാസത്തിന്റെ ശ്രമകരമായ ദൌത്യമാണ്. അജ്ഞാനത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്ന മഹിഷാസുരനെ കൊന്ന് ജ്ഞാനശക്തിയെ സംസ്ഥാപനം ചെയ്ത ദിനം ഗുരുകുലങ്ങളില്‍ സവിശേഷമായി സ്വീകരിക്കപ്പെട്ടിരുന്നു. ഈ പാരമ്പര്യത്തില്‍ നിന്നാകണം വിജയദശമി യുടെ പ്രാധാന്യം ആരംഭിക്കുന്നത്.
“സാര”മായ “സ്വ” ത്വത്തെ പ്രകാശിപ്പിക്കുന്ന “തീ” ആയതിനാല്‍ “സരസ്വതി”ദേവിയുടെ നാമവും ഈ വിജയദശമിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്ന ഒന്‍പത് രാത്രികളും പത്തു പകലുകളും അടങ്ങുന്നതാണ് ഒരു നവരാത്രി കാലം. ഇതിന്റെ അവസാന മൂന്നു ദിവസങ്ങളിലാണ് സരസ്വതീപൂജ നടക്കുന്നത്.
യഥാര്‍ത്ഥത്തില്‍, ഗുരുക്കന്മാര്‍ ശിഷ്യരിലെ സ്വത്വബോധത്തെ ഉണര്‍ത്തി ആത്മജ്ഞാനം പകര്‍ന്നു നല്കുന്ന പൂര്‍ണതയാണ് വിജയദശമി ദിനം. അശ്വനമാസത്തിലെ (ഒക്ടോബര്‍) സരസ്വതിപൂജ ദേവതാപൂജയല്ല. ആത്മപൂജയും ആത്മസമര്‍പ്പണവുമാണ്. ശിഷ്യന്റെ ഹൃദയാകാശത്തിലെ ഇരുട്ടിനെ അകറ്റി ഗുരുപ്രകാശം പരത്തുന്ന പൂജിതകര്‍മ്മം.
” അശ്വനിസ്യ സിതേ പക്ഷേ ദശമ്യാം
താരകോദയേ
സകാലേ വിജയോജ്ഞേയാ
സര്‍വകാര്യാര്‍ത്ഥ സിദ്ധയേ ”
എന്നാണു പ്രമാണം.
വിദ്യാരംഭമടക്കം സമസ്ത ശുഭകര്‍മങ്ങള്‍ക്കും പറ്റിയ പുണ്യനാളാണ് വിജയദശമി എന്നര്‍ത്ഥം. വിദ്യാരംഭം അക്ഷരജ്ഞാനത്തിന്റെ തുടക്കമല്ല, ആത്മജ്ഞാനത്തിന്റെ – അറിവിന്റെ ഉള്ളറ തുറക്കുന്ന തുടക്കമാണ്.
അതുകൊണ്ടാവണം വിജയദശമി ദിനം ശിഷ്യര്‍ക്ക് സന്ന്യാസദീക്ഷ നല്കാന്‍ ഗുരു തെരഞ്ഞെടുത്തതും. 1984 ലെ വിജയദശമി ദിനം അങ്ങനെ ശാന്തിഗിരിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു ദിവസമായി മാറി. ശൂദ്രന് വേദാധികാരം അപ്രാപ്യമാണെന്ന പൌരാണിക വിശ്വാസം അതോടെ പഴങ്കഥയായി മാറുകയും ചെയ്തു.
സന്ന്യാസത്തിന് പഠിപ്പോ പാണ്ഡിത്യമോ ധനമോ പ്രഭുത്വമോ ശാരീരികക്ഷമതയോ വേദമന്ത്രപരിജ്ഞാനമോ താന്ത്രികജ്ഞാനമോ ശാന്തിഗിരിയിൽ ഗുരു മാനദണ്ഡമാക്കിയില്ല. ദൈവത്തിന്റെ കനിവ് സമസ്ത ജീവജാലങ്ങളിലേക്കും പകരുവാന്‍ ജാതിയോ മതമോ വര്‍ഗമോ ഗോത്രമോ തടസമാകരുതെന്ന് ഗുരു ആഗ്രഹിച്ചു. ബ്രഹ്മേച്ഛയുടെ പൂര്‍ത്തീകരണം സാധാരണക്കാരായ ശിഷ്യര്‍ക്ക് സന്ന്യാസം നല്കിക്കൊണ്ട് ഗുരു പ്രാവര്‍ത്തികമാക്കി. ശൂദ്രനെ ബ്രഹ്മജ്ഞാന ത്തിന്റെ അധികാരിയാക്കിക്കൊണ്ട് ഒരു പരിവര്‍ത്തനമതമാണ് ഗുരു ആഗ്രഹിച്ചത്. ഒപ്പം കലിയുഗധര്‍മത്തിന്റെ സംസ്ഥാപനവും.
ഗുരുവിന്റെ വാക്ക് തെറ്റിക്കാതെ അനുസരിച്ചുപോകുന്ന സന്ന്യാസസിഷ്യസമ്പത്താണ് ശാന്തിഗിരിയുടെ ആണിക്കല്ല് എന്ന് ഗുരുപരമ്പരയെ ഓര്‍മിപ്പിക്കുന്ന സുദിനം കൂടിയാണ് സന്ന്യാസദീക്ഷാ ദിനം. തന്റെ കുലവും ഗോത്രവും കുടുംബവും സ്വത്വവും സുഖഭോഗങ്ങളും പരിത്യജിച്ച് ഗുരുധര്‍മ്മസംസ്ഥാപനത്തിനായി ഇറങ്ങിത്തിരിച്ച സന്ന്യാസിശിഷ്യരെ നോക്കാന്‍ ഗുരു ഏല്പിച്ചിരിക്കുന്നത് ശാന്തിഗിരി പരമ്പരയെത്തന്നെയാണ്. അതുകൊണ്ടുതന്നെ ശാന്തിഗിരിയിലെ ആഘോഷങ്ങളില്‍ ഏറ്റവും മാറ്റു കൂടിയ ഒന്നാണ് സന്ന്യാസദീക്ഷാ വാര്‍ഷികം. പരമ്പരയെ കെട്ടിപ്പടുക്കാന്‍ ഗുരു നിശ്ചയിച്ച സന്ന്യാസിശിഷ്യരുടെ ക്ഷേമവും സംരക്ഷണവും വിശ്വാസിസമൂഹം ഏറ്റെടുക്കേണ്ട ദിനമെന്ന നിലയിലും ആത്മജ്ഞാന ത്തിന്റെ വെളിച്ചം ഗുരുപരമ്പരയ്ക്ക് ഒന്നാകെ ലഭ്യമാകുന്ന സുദിനമെന്ന നിലയിലും വിജയദശമി നാളിലെ സന്ന്യാസദീക്ഷാ വാര്‍ഷികത്തിന് വലിയ പ്രാധാന്യമുണ്ട്.
ഗുരുപത്മപാദസേവകരായി നിയുക്തരായ നൂറുകണക്കിന് സന്ന്യാസി-സന്ന്യാസിനിമാരോടും ബ്രഹ്മചാരി-ബ്രഹ്മാചാരിണിമാരോടും ഈ പരമ്പരയുടെ കടമകള്‍ നിര്‍വഹിക്കാനുള്ള അവസരമാണ് ദീക്ഷാദിനം. ഈ ദിവസം അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളോടൊപ്പം ആശ്രമത്തിലെത്തണം. സന്ന്യാസസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കണം. അവര്‍ക്കാവശ്യമായ പുതിയ വസ്ത്രങ്ങളോ നിത്യോപയോഗ വസ്തുക്കളോ സമര്‍പ്പിക്കണം. ആദരണീയ സന്ന്യാസസംഘത്തിന് ഭക്ഷണം വിളമ്പി നല്കാനും അവസരമുണ്ട്. (കൊറോണ എന്ന മഹാമാരി നമ്മളെയെല്ലാം നിയന്ത്രിതതമായ നിലയില്‍ നിര്‍ത്തിയിരിക്കുന്നതിനാലാ‍ ആര്‍ക്കും സന്യാസിമാര്‍ക്ക് ഭക്ഷണം നേരിട്ട് വിളമ്പി നല്‍കുവാനോ നേരിട്ടോ പലപ്പോഴും ഒന്നു കാണുവാനോ സംസാരിക്കുവാനോ പോലും പറ്റാത്ത സ്ഥിതിയിലാണ്. എന്നിരുന്നാലും പ്രാര്‍ത്ഥനാ സങ്കല്പങ്ങളിലൂടെ നാം അവര്‍ക്കുവേണ്ടി നിലകൊള്ളുന്നു.)
ഒരു യാമസന്ധ്യയെങ്കിലും സഹകരണമന്ദിരത്തിലിരുന്ന് വിദ്യാലാഭത്തിനും വിജയത്തിനു മായി സങ്കല്പിക്കണം. “ഗുരുചരണം ശരണം” എന്ന ആദ്യാക്ഷരം ഗുരുമുഖത്തിരുന്ന് എഴുതണം. അക്ഷരജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പടികടക്കാന്‍ പരമ്പര യിലെ കുഞ്ഞുങ്ങള്‍ക്ക് ഇതില്‍പ്പരം സരസ്വതിഘട്ടം വേറൊന്നില്ല.
ഗുരുവിന്റെ നവതി വര്‍ഷത്തില്‍ മുപ്പത്തിയേഴാമത് സന്ന്യാസദീക്ഷാ വാര്‍ഷികത്തിന് ആശ്രമം നിയന്ത്രണങ്ങള്‍ പാലിച്ച് ഒരുങ്ങുകയാണ്. നമ്മുടെ ആഘോഷങ്ങളില്‍ സവിശേഷമാണ് സന്ന്യാസദീക്ഷാ ദിനം. വിജയദശമിദിനത്തില്‍ ഭാരതത്തിലെ ഏറ്റവും വലിയ സരസ്വതിഘട്ടമായി ശാന്തിഗിരി മാറും. ഗുരുചരണം ശരണം എന്ന ഹരിശ്രീ കുറിക്കാന്‍ ഭാരതം ശാന്തിഗിരിയിലേക്ക് ഒഴുകുമ്പോള്‍ പരമ്പരയിലെ മക്കള്‍ ആ മാഹാത്മ്യം അറിയാതെ പോകരുത്. എല്ലാവര്‍ക്കും ഗുരുകാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.

 

Related Articles

Back to top button