Kerala

ബുധനാഴ്ചയോടെ വീണ്ടും മഴ കനക്കും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ചയോടെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ. മൂന്ന്-നാല് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെങ്കിലും പത്തനംത്തിട്ട, കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളത് ആശങ്ക ഉണ്ടാക്കുന്നു. ഈ മേഖലയിൽ തുടർച്ചയായി മഴ പെയ്താൽ സ്ഥിതി ഗുരുതരമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, മാട്ടുപ്പെട്ടി, കല്ലാർ അണക്കെട്ടുകളിലും, ജലസേചന വകുപ്പിന്റെ ചുള്ളിയാർ, പീച്ചി അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത വേണമെന്നും മുന്നറിയിപ്പ് ഉണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Articles

Back to top button