India

17 വർഷമായി ജീവിതം കാട്ടിൽ ഒരു കാറിനുള്ളിൽ

“Manju”

വാഹനങ്ങൾ യാത്ര ചെയ്യാനും ചരക്കുനീക്കത്തിനും മാത്രമാണെന്ന സങ്കൽപ്പങ്ങൾ തിരിത്തി കുറിക്കുന്ന ആഡംബര വാൻ ലൈഫ് ജീവിതങ്ങൾ പലപ്പോഴായി നാം പത്രമാദ്ധ്യമങ്ങളിലൂടെ വായിച്ചറിയാറുണ്ട്. എന്നാൽ നിസ്സഹായവസ്ഥയിൽ ജീവിതത്തിൽ അന്ന് വരെ സമ്പാദിച്ചതല്ലൊം മഴവെള്ള പാച്ചിലുപോലെ ഒഴുകിപോയപ്പോൾ, തന്റെ അവശേഷിച്ച സമ്പാദ്യമായ കുഞ്ഞു കാർ വീടാക്കിമാറ്റി കാടുകയറിയ കർഷകന്റെ കഥ കേട്ടിട്ടുണ്ടോ…നാഗരിക ജീവിതം ഉപേക്ഷിച്ച് കാനന ജീവിതത്തിലേക്കിറങ്ങിയ ഒരു മനുഷ്യൻ. കെട്ടുകഥയോ മുത്തശ്ശിക്കഥയോ ഒന്നുമല്ല ഇത്. ഇത് ദക്ഷിണ കർണ്ണാടകയിലെ സുള്ളിയ സ്വദേശിയുടെ കഥ. 17 വർഷമായി ഈ മനുഷ്യൻ കാട്ടിൽ കഴിയുകയാണ്..അതും സ്വന്തം കാറിനെ വീടാക്കി… ആരോടും പരിഭവമില്ല..പരാതിയുമില്ല…

ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് ചന്ദ്രശേഖറിന്റെ ജീവിതം. നെക്രാൽ കെമ്രാജെ എന്ന ഗ്രാമത്തിൽ ഒന്നര ഏക്കർ കൃഷിയിടം ഉണ്ടായിരുന്നു ചന്ദ്രശേഖറിന്. കൃഷി ചെയ്ത് വളരെ സമാധാനപരമായി ജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തിന് 2003ൽ ഒരു സഹകരണ ബാങ്കിൽ നിന്ന് 40,000 രൂപ വായ്പ എടുക്കേണ്ടതായി വന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് വായ്പ പൂർണമായി തിരിച്ചടയ്‌ക്കാൻ സാധിച്ചില്ല. തുടർന്ന് ചന്ദ്രശേഖറിന്റെ കൃഷിസ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്യുകയും തുടർന്ന് ലേലം ചെയ്യുകയുമുണ്ടായി. വീടും പറമ്പും കൃഷിയിടവുമില്ലാതെയായിട്ടും ചന്ദ്രശേഖരൻ തളർന്നില്ല…തന്റെ അവസാന സമ്പാദ്യമായ പ്രീമിയർ പദ്മനിനി കാറും ഒരു സൈക്കിളുമായി ചന്ദ്രശേഖർ അഡാലിലെ തന്റെ സഹോദരിയുടെ വീട്ടിൽ അഭയം തേടി. പിന്നീട് ഏപ്പോഴോ തീരുമാനിച്ചു ഈ പ്രകൃതിയിൽ ലയിക്കാമെന്ന്. കാറുമായി കാട്ടിലേക്ക്.. മൂന്ന് നാല് കിലോമീറ്റർ ദൂരത്തിൽ ഓടിച്ചുപോയി….സൗകര്യം നോക്കി ഒരു മരത്തണൽ കണ്ടെത്തി. വാഹനം അവിടെ നിർത്തി. അന്നുമുതൽ ആ കാറ് അവിടെ തന്നെ. അത് വീടാക്കി വാസം തുടങ്ങി. കാറിനെ മഴയിൽ നിന്നും അല്പമൊന്ന് രക്ഷിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വലിച്ചുകെട്ടിയത് മാത്രമാണ് ആഡംബരം.

ദക്ഷിണ കർണാടകയിലെ സുള്ള്യ താലൂക്കിലെ അറന്തോടിനടുത്തുള്ള അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇടതൂർന്ന വനമേഖലയിലാണ് 56 വയസ്സുള്ള ചന്ദ്രശേഖർ താമസിക്കുന്നത്. ഒരു ദശാബ്ദത്തിലേറയായി ചന്ദ്രശേഖർ കാട്ടിനുള്ളിലെ തന്റെ ഏകാന്ത ജീവിതം ആരംഭിച്ചിട്ട്. എന്നാൽ ഒരു ഒളിച്ചോട്ടമല്ല അദ്ദേഹം നടത്തിയത്. ജീവിതത്തോടുള്ള പോരാട്ടമാണ്. . എന്നെങ്കിലും ഉപകരിക്കുമെന്ന് പ്രത്യാശയിൽ.ജീവിതത്തിലെ അമൂല്യ രേഖകളെല്ലാം ഇന്നും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട് ചന്ദ്രശേഖർ.ഒരു കുഞ്ഞ് റേഡിയോവിലൂടെ അധുനിക ലോകത്തെ വിശേഷങ്ങൾ അറിയാറുണ്ട് ഇദ്ദേഹം. മുടി വെട്ടാതെ, തലമുടി നീട്ടി, താടി നീട്ടി വളർത്തി അവധൂതനായിട്ടാണ് ജീവിതമെങ്കിലും മനുഷ്യരെ കഴിയും പോലെ സഹായിക്കാറുണ്ട് ഈ പോരാളി.

കാട് തന്നിരിക്കുന്ന അവസരം ഉപയോഗിച്ച് ചൂരലുകളും വള്ളികളും ഉപയോഗിച്ച് നല്ല കുട്ടകൾ നിർമ്മിക്കാൻ പഠിച്ച ചന്ദ്രശേഖരൻ അത് ദൂരെ ഗ്രാമത്തിലും പട്ടണത്തിലും തന്റെ സൈക്കിൾ ചവിട്ടി കൊണ്ടുപോയി കൊടുത്ത് അതിന് ഭക്ഷണ സാധനങ്ങൾ വാങ്ങി തിരികെ കാട്ടിലെത്തുന്നു… 17 വർഷങ്ങളായി തുടരുന്നു ഈ വിചിത്രമെന്ന് തോന്നുന്ന സ്വാഭാവിക ജീവിതം. കാട്ടരുവിയിൽ നിന്നുള്ള ശുദ്ധജലം കുടിക്കും..കുളിയും അവിടെനിന്നു തന്നെ… പക്ഷികളും മൃഗങ്ങളും കൂട്ട്…ആരോടും ദേഷ്യമില്ല… ചിലപ്പോഴൊക്കെ കാട്ടുമൃഗങ്ങളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിലും പരിഭവിക്കാതെ ജീവിതം തുടരുന്നു…

ചന്ദ്രശേഖറിന് പരിഭവമുള്ളത് കരുണകാണിക്കാതിരുന്ന ഭരണകൂടത്തോട് മാത്രം. ഒരിക്കൽ കളക്ടർ എത്തി പുനരധിവസിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മടങ്ങിയെന്നും ചന്ദ്രശേഖരൻ ഓർമ്മിക്കുന്നു. ആഗ്രഹമുണ്ട് തന്റെ പഴയ കൃഷി ഭൂമിയും വീടും തിരികെ ലഭിക്കണമെന്ന്. പക്ഷെ അതിനായി ആരുടേയും പുറകേ പോകാൻ അദ്ദേഹത്തിന് താൽപര്യം ഇല്ല. എന്നാൽ വനപാലകർക്ക് ചന്ദ്രശേഖരനോട് ദേഷ്യമില്ല… വനം കയ്യേറിയതായി പരാതിയുമില്ല… കാരണം ചന്ദ്രശേഖരൻ വനത്തിന്റെ സൂക്ഷിപ്പുകാരനാണ്… താൻ ഒരിക്കലും തന്റേതല്ലാത്ത ഒരു പുൽക്കൊടിപോലും പറിക്കില്ലെന്നും നശിപ്പിക്കില്ലെന്നും വൃതമെടുത്തിരിക്കുന്നയാളാണ്. പ്രകൃതിയോടിണങ്ങി പ്രകൃതിയിൽ ഒരാളായി ജീവിക്കുയാണ് ഇദ്ദേഹം.

ആധാർ കാർഡില്ലെങ്കിലും ആറൻതോട് ഗ്രാമപ്പഞ്ചായത്തിലെത്തി അദ്ദേഹം കൊറോണ വാക്‌സിൻ സ്വീകരിച്ചിരുന്നു. ലോക്ക്ഡൗൺ അദ്ദേഹത്തിനും ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആ സമയത്ത് അദ്ദേഹം ആഴ്ചകളോളം കാട്ടുപഴങ്ങൾ മാത്രം കഴിച്ച് വെള്ളം കുടിച്ച് ജീവിച്ചു. നീണ്ട 17 വർഷങ്ങൾ ഈ ജീവിതം നയിച്ചിട്ടും, ചന്ദ്രശേഖർ ഇപ്പോഴും തന്റെ കൃഷി സ്ഥലം തിരിച്ചുവാങ്ങുന്നതും പ്രീമിയർ പദ്മിനി വീട്ടിലേക്ക് പോകുന്നതും സ്വപ്നം കാണുന്നു.

Related Articles

Back to top button