IndiaLatest

വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകര്‍ 1,707 ; വിദ്യാഭ്യാസമന്ത്രി.

“Manju”

സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകരായി 1707 പേരുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്സിനെടുക്കാതെയുള്ളത്. 201 പേര്‍. തിരുവനന്തപുരം -110, കൊല്ലം -90, പത്തനംതിട്ട -51, ആലപ്പുഴ -89, കോട്ടയം -74, ഇടുക്കി -43, എറണാകുളം -106, തൃശൂര്‍ -124, പാലക്കാട് -61, കോഴിക്കോട് -151, വയനാട് -29, കണ്ണൂര്‍ -90, കാസര്‍കോട് -36 എന്നിങ്ങനെയാണ് ബാക്കിയുള്ള ജില്ലകളില്‍ വാക്സിനെടുക്കാനുള്ളവരുടെ കണക്കുകൾ.
വാക്സിന്‍ എടുക്കാത്ത അധ്യാപകരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 200 പേര്‍. അനധ്യാപകര്‍ 23. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലായി 1255 പേരും വാക്സിനെടുക്കാനുണ്ട്.
ഇതില്‍ അധ്യാപകര്‍ 1066ഉം അനധ്യാപകര്‍ 189ഉം ആണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകരും വാക്സിനെടുക്കാനുണ്ട്. വാക്സീനേഷൻ എടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.
വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനൊന്നും സഹകരിക്കാത്തവര്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കണം. വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരുകള്‍ പുറത്തുവിടില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ വാര്‍ത്ത നല്‍കിയതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ പട്ടിക സര്‍ക്കാറിന്റെ കൈയിലുണ്ട്.
കൂടാതെ, സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു. 10 കോമേഴ്സ് ബാച്ചുകളും ഒരു സയന്‍സ് ബാച്ചും 61 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അധികമായി അനുവദിക്കുക. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ യൂണീഫോം ധരിച്ച്‌ സ്കൂളുകളില്‍ ഹാജരാകണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button