India

ലഡാക്കിലെ വ്യോമതാവളത്തിൽ മിഗ് 29; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

“Manju”

ന്യൂഡൽഹി: അതിർത്തിയിൽ ഗൂഢനീക്കങ്ങൾ നടത്തുന്ന ചൈനയ്‌ക്ക് നേരെ ആക്രമണം നടത്താൻ ഇന്ത്യൻ സേന തയ്യാറാണെന്ന് വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് വ്യോമസേനയെ ചെറുക്കുന്നതിന് ഇന്ത്യ മിഗ് 29 യുദ്ധവിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടെ(ഐഎഎഫ്) ലഡാക്കിലെ തോയ്‌സ് എയർഫോഴ്‌സ് സ്‌റ്റേഷനു സമീപമാണ് മിഗ് 29 യുദ്ധവിമാനങ്ങൾ വിന്യസിച്ചത്.

മിഗ് 29 യുദ്ധവിമാനങ്ങൾക്ക് പുറമേ, ചൈനയുടെ ആക്രമണം ചെറുക്കാൻ എയർബേസിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയുടെ സാന്നിധ്യം വർദ്ധിച്ച സാഹചര്യത്തിലാണ് വ്യോമസേന എയർബേസിലെ സൗകര്യങ്ങൾ നവീകരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം മുതൽ കിഴക്കൻ ലഡാക്കിൽ പ്രവർത്തിച്ചുവരുന്ന മൂന്ന് യൂണിറ്റുകൾക്ക് വ്യോമസേന ദിനത്തിൽ എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി ചീഫ് ഓഫ് എയർഫോഴ്‌സ് സൈറ്റേഷൻ നൽകിയിരുന്നു. അതിലൊന്ന് തോയ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 116 ഹെലികോപ്റ്റർ യൂണിറ്റായിരുന്നു. രുദ്ര എന്ന് വിളിക്കുന്ന നൂതന ലൈറ്റ് ഹെലികോപ്റ്ററിന്റെ ആയുധവൽക്കരിച്ച പതിപ്പാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈനയും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ടിബറ്റൻ പ്രദേശത്തെ മൂന്ന് എയർബേസുകളിൽ ചൈനയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് വ്യോമസേന ദിനത്തിനു മുന്നോടിയായി എയർ ചീഫ് അറിയിച്ചിരുന്നു.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുടെ ആക്രമണങ്ങൾ നേരിടാൻ ഏത് നിമിഷവും ഇന്ത്യൻ വ്യോമസേന സുസജ്ജമെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇവ കൂടാതെ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് എൻഗാരി ഗുൻസ എയർബേസിൽ ഏരിയൽ വെഹിക്കിളും യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു.

Related Articles

Back to top button