KeralaKottayamLatest

കൂട്ടിക്കലിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി

“Manju”

കോട്ടയം: പ്രകൃതിദുരന്തത്തില്‍ നാശം വിതച്ച കോട്ടയം കൂട്ടിക്കലിലെ ജനങ്ങള്‍ക്ക് കൈതാങ്ങായി നടന്‍ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേര്‍ത്ത് പിടിച്ചത്. മമ്മൂട്ടി തന്നെ നേരിട്ട് ഏര്‍പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡികല്‍ സംഘം കൂട്ടിക്കലില്‍ എത്തി ജനസേവനം തുടങ്ങി. വിദഗ്ധ ഡോക്ടര്‍മാരും നിരവധി ആധുനിക മെഡികല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.

ആലുവ രാജഗിരി ആശുപത്രിയുടെ മെഡികല്‍ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡികല്‍ സംഘമാണ് ദുരിതാശ്വാസ ക്യാംപുകളില്‍ എത്തി ജനസേവനം നടത്തുന്നത്. പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണി വച്ച്‌ നൂറു ജലസംഭരണികളാണ് സ്ഥലത്ത് എത്തിച്ചത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പെടെ എല്ലാവര്‍ക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങള്‍, പുതിയ പാത്രങ്ങള്‍, കിടക്കകള്‍ എന്നിവ അടക്കം രണ്ടായിരത്തില്‍ അധികം തുണികിറ്റുകളാണ് വിതരണത്തിന് എത്തിച്ചത്. ദുരന്ത സ്ഥലത്തെ കെയര്‍ ആന്‍ഡ് ഷെയര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്.

ദുരന്തം നടന്നതിന് പിറ്റേന്ന് രാവിലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപുഴയെയും സംഘത്തേയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സഹായങ്ങള്‍ എത്തിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ അടിയന്തിരസേവനം ആണെന്നും കൂടുതല്‍ സഹായങ്ങള്‍ വരും ദിവസങ്ങളില്‍ ദുരന്തബാധിതരില്‍ എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. മമ്മൂട്ടിയുടെ കാനഡയിലെയും അമേരിക്കയിലെയും ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരും കെയര്‍ ആന്‍ഡ് ഷെയര്‍ വഴി സഹായം എത്തിക്കുന്നുണ്ട്.

Related Articles

Back to top button