KottayamLatest

ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍; കിട്ടിയത് സോപ്പ്

“Manju”

കൊച്ചി: ഓണ്‍ലൈനില്‍ 70,900 രൂപ നല്‍കി ആപ്പിള്‍ ഐ ഫോണ്‍ 12 ബുക്ക് ചെയ്തയാളെ അലക്കുസോപ്പും 5 രൂപ നാണയവും നല്‍കി കബളിപ്പിച്ച സംഭവത്തില്‍ റൂറല്‍ എസ്പി കാര്‍ത്തിക് ഇടപെട്ട് പണം തിരികെ ലഭ്യമാക്കി.
തോട്ടുമുഖം സ്വദേശി നൂറുല്‍ അമീന് ഇക്കഴിഞ്ഞ 12ന് ക്രഡിറ്റ് കാര്‍ഡ് മുഖേനെയാണ് ഫോണ്‍ ബുക്ക് ചെയ്തത്. 15ന് കൊറിയര്‍ എത്തി. തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പും നാണയവും മാത്രം. എന്നാല്‍ പെട്ടി യഥാര്‍ഥ ഫോണിന്റെത് തന്നെയായിരുന്നു. അതില്‍ നിന്നും ലഭിച്ച ഐഎംഇഐ നമ്ബര്‍ വച്ച്‌ നടത്തിയ അന്വേഷണത്തില്‍ 25 മുതല്‍ ഫോണ്‍ ഝാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ബുക്കിങ് എടുത്ത ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഹൈദരബാദിലെ വില്‍പ്പനക്കാരെ ബന്ധപ്പെട്ടു.
അവിടെ നിന്നയച്ച ഫോണ്‍ കൊച്ചിയില്‍ എത്തുന്നതിനുമുന്‍പ് തട്ടിയെടുത്തതാവും എന്നായിരുന്നു വിശദീകരണം. പുതിയ ഫോണ്‍ സ്‌റ്റോക്കില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിന് പൊലീസിനെ അയക്കുമെന്ന് എസ്പി അറിയിച്ചതിന്റെ പിന്നാലെ നൂറുല്‍ അമീറിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുകയെത്തി. എങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി പറഞ്ഞു.
കഴിഞ്ഞമാസം പറവൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ ലാപ്‌ടോപ്പിന് പകരം കുട്ടിക്കടലാസ് ലഭിച്ച സംഭവത്തിലും എസ്പി ഇടപെട്ട് പണം തിരികെ ലഭ്യമാക്കിയിരുന്നു.

Related Articles

Back to top button