India

മൗലികാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ ട്വിറ്റർ വരേണ്ട

“Manju”

ന്യൂഡൽഹി : മൗലികാവകാശങ്ങളെ കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ ട്വിറ്ററും , വിദേശകമ്പനികളും വരേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി . ട്വിറ്റർ മറ്റ് രാജ്യങ്ങളിലെ നിയമങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു .

രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ഫെയ്സ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാട്‌സാപ്, കൂ, ഷെയർചാറ്റ്, ടെലിഗ്രാം തുടങ്ങിയവ നൽകിയെങ്കിലും ട്വിറ്റർ മൗനം പാലിക്കുകയാണ് .

മൗലികാവകാശങ്ങളെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ ട്വിറ്റർ ശ്രമിക്കുന്നു. ഞങ്ങളെ അത് പഠിപ്പിക്കേണ്ട ആവശ്യമില്ല. ട്വിറ്ററിൽ നിന്നും മറ്റ് വിദേശ കമ്പനികളിൽ നിന്നും മൗലികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് നമ്മൾ പഠിക്കേണ്ടതില്ല. ഇന്ത്യയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം. നമ്മുടെ ഭരണഘടനയാണ് ഞങ്ങളുടെ സ്വത്ത്,- കിഷൻ റെഡ്ഡി പറഞ്ഞു.

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ കംപ്ലയ്ൻസ് ഓഫിസറെ നിയമിക്കുക, പരാതി പരിഹാര സംവിധാനം രൂപീകരിക്കുക, നിയമപരമായ ഉത്തരവ് വന്ന് 36 മണിക്കൂറിനുള്ളിൽ ഉള്ളടക്കം എടുത്തുമാറ്റുക എന്നിവ നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ബുധനാഴ്ച നടപ്പാക്കിയിരുന്നു.

ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റർ, പുതിയ ഐടി നിയമങ്ങൾ മാത്രമല്ല ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ചും ഇന്ത്യയിൽ വിവാദത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തോ‌ടു നിബന്ധനകൾ നിർദേശിക്കുന്നതിനു പകരം രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്ന കർശന നിലപാട് കഴിഞ്ഞദിവസം ട്വിറ്ററിനെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ വൈകി എത്തിയതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും കിഷൻ റെഡ്ഡി വിമർശിച്ചു .

“യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ജനങ്ങളെ ബാധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി പ്രധാനമന്ത്രി തന്നെ സംസ്ഥാനം സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്രത്തോടൊപ്പം നിൽക്കാൻ മുഖ്യമന്ത്രി മുന്നോട്ട് വരേണ്ടതായിരുന്നു, ഇക്കാര്യത്തിൽ രാഷ്ട്രീയവൽക്കരണം നടത്തരുത് . സംസ്ഥാനത്തിന്റെ വികസനത്തിനോ ജനങ്ങളുടെ വികസനത്തിനോ രാഷ്ട്രീയം സഹായിക്കില്ല. സംസ്ഥാനത്തോ, ജനങ്ങൾക്കോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ മമതയ്ക്ക് ആഗ്രഹമില്ല. അത്തരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ജനങ്ങൾ വീണ്ടും ചിന്തിക്കണം,” കിഷൻ റെഡ്ഡി പറഞ്ഞു.

Related Articles

Back to top button