തിരുവനന്തപുരം:23 വര്‍ഷമായി ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിപ്പിച്ച അദ്ധ്യാപികയായ ഉഷകുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട 344 പേരില്‍ ഒരാളാണ്, തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. ഒഴിവ് അനുസരിച്ച് ഇവരെ പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അദ്ധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ഉഷാകുമാരിയ്ക്ക് തൂപ്പുകാരിയാവുന്നതില് വിഷമമില്ലെന്ന് പറയുന്നു. എന്നാല്‍, ടീച്ചര്‍ പുതിയ ജോലിക്കു പോവുന്നതിനോട് വീട്ടുകാര്‍ക്ക് താത്പര്യമില്ല.
വിവിധ തലത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉഷാ കുമാരിയെ ഓഫീസ് അസിസ്റ്റന്റായി നിയമിക്കാം എന്ന് ഉറപ്പ് നല്‍കിയതെന്നും ഇവരില്‍ നിന്നും സര്‍ക്കാരിനെ അടുത്ത ഒരു വര്‍ഷം വിമര്‍ശിക്കരുത് എന്ന് ബോണ്ട് എഴുതി വാങ്ങിയെന്നും മുജീബ് റഹ്മാന് പറയുന്നു. അതേസമയം, ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍, ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നും ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.